ജാതിക്കാക്കുലകൾ…

പൊൻകുന്നം ∙ ഇവിടെ ജാതിക്ക കുലകളായിട്ടാണ് ഉണ്ടാകുന്നത്. ഒരു ഞെടുപ്പിൽ 9 എണ്ണം വരെ. നരിയനാനി കളപ്പുരയ്ക്കൽ ജാതിത്തോട്ടത്തിലാണ് വളരെ അപൂർവമായ ഈ കാഴ്ച. ഓരോ കുലയിലും രണ്ടിൽ കൂടുതൽ കായ്കളുണ്ട്. ചിലതിൽ ഒരെണ്ണം മാത്രവും ഉണ്ടാകാറുണ്ട്. വർഷങ്ങൾ മുൻപ് കളപ്പുരയ്ക്കൽ വീട്ടിലുണ്ടായിരുന്ന ജാതി മരത്തിൽ കുലകളായിട്ടാണ് ജാതിക്ക ഉണ്ടായിരുന്നതെന്നു സഹോദരങ്ങളായ കളപ്പുരയ്ക്കൽ ബിനോയ് കെ.ജോൺ, ടോണി ജോൺ എന്നിവർ പറയുന്നു. ഈ ജാതി മരത്തിൽ നിന്നു ബഡ് കണ്ണ് എടുത്ത് ജാതിത്തൈകളിൽ ബഡ് ചെയ്തു പിടിപ്പിച്ച് കൂടുതൽ മരങ്ങൾ ഉൽപാദിപ്പിക്കുകയായിരുന്നു.

വിവിധ ഇനത്തിലായി 80 ജാതി മരങ്ങൾ പുരയിടത്തിലുണ്ട്. ഇതിൽ ഭൂരിഭാഗവും കളപ്പുരയ്ക്കൽ ജാതി എന്നു പേരിട്ടിരിക്കുന്ന, കുലകളായി ജാതിക്ക ഉണ്ടാകുന്ന മരങ്ങളാണ്. ഇതിൽ 40 വർഷം പഴക്കമുള്ളവയും ഉണ്ട്. 70 – 80 കായ്കളുണ്ടെങ്കിൽ ഒരു കിലോഗ്രാം ജാതിക്ക ലഭിക്കുമെന്നും ശരാശരി 4000 കായ് വർഷം തോറും ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. സംഭവം വിജയകരമായതോടെ തൈകളുടെ വിൽപനയും ആരംഭിച്ചിരിക്കുകയാണ്. 500 രൂപ നിരക്കിലാണ് തൈകൾ വിൽക്കുന്നത്.

അപൂർവ പ്രതിഭാസം

ജാതിക്ക കുലകളായി ഉണ്ടാകുന്നത് അപൂർവമാണെന്ന് എലിക്കുളം കൃഷി ഓഫിസർ നിസ ലത്തീഫ് പറയുന്നു. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾ എത്തി ജാതിക്കയുടെ സാംപിൾ ശേഖരിച്ചിരുന്നതായി കർഷകൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.