ജില്ലയിലെ പകുതിയിലധികം റേഷൻ കടകൾക്കും പൂട്ടു വീണേക്കും

കോട്ടയം ∙ ജില്ലയിലെ പകുതിയിലധികം റേഷൻ കടകൾക്കും പൂട്ടുവീഴുന്ന നിർദേശവുമായി സിവിൽ സപ്ലൈസ് വകുപ്പ്. എല്ലാ റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങളുടെ വിൽപന ശരാശരി 75 ക്വിന്റൽ വരത്തക്ക വണ്ണം പുനഃക്രമീകരിക്കാനാണു സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ റേഷൻ കടയുടെയും ഭക്ഷ്യധാന്യങ്ങളുടെ വിൽപന അളവു സംബന്ധിച്ചു പട്ടിക തയാറാക്കി 15നു മുൻപു സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇതോടൊപ്പം റദ്ദാക്കിയതും സസ്പെൻഷനിൽ ഉള്ളതും ലൈസൻസി മരിച്ചതുമായ റേഷൻ കടകളുടെ വിവരങ്ങളും ഹാജരാക്കണമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ ഭാഗമായി ലൈസൻസ് സ്ഥിരമായി റദ്ദാക്കിയ റേഷൻ കടകളിലെ കാർഡുകൾ, കാർഡ് ഉടമകൾക്ക് അസൗകര്യം ഉണ്ടാകാത്ത വിധം സമീപ പ്രദേശത്ത് 75 ക്വിന്റലിൽ കുറവ് ഭക്ഷ്യധാന്യങ്ങൾ വിൽപനയുള്ള അടുത്ത റേഷൻ കടകളിലേക്കു മാറ്റാനും അതതു താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് ഉത്തരവു നൽകി. ജില്ലയിൽ ആകെയുള്ള 989 കടകളിൽ 500 കടകളിലും 75 ക്വിന്റൽ വിൽപന നടക്കുന്നില്ല.

ഈ നിർദേശം കർശനമായി നടപ്പാക്കിയാൽ പകുതിയിലധികം കടകൾക്കു പൂട്ടുവീഴുമെന്നാണ് ആശങ്ക. പുതിയ കാർഡുകൾ വിതരണം നടത്തിയതിനൊപ്പം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അനർഹരെ കർശന നടപടിയിലൂടെ പുറത്താക്കിയതോടെയാണു ഭക്ഷ്യധാന്യങ്ങൾ വെട്ടിക്കുറച്ചത്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള അംഗത്തിന് ഇപ്പോൾ സബ്സിഡി നിരക്കിൽ മാസം രണ്ടു കിലോ അരിയാണു ലഭിക്കുന്നത്.

ആദ്യം പരിധി 45 ക്വിന്റൽ

∙ ആദ്യം 45 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ വിൽപന നടത്തുന്ന റേഷൻ കടകളുടെ പട്ടികയാണു തയാറാക്കിയത്. ഇത്രയും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്നത് 700 റേഷൻ കടകളാണെന്നായിരുന്നു കണ്ടെത്തൽ. ഈ ഘട്ടത്തിലും 289 കടകൾ പരിധിക്കു പുറത്താകുമായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ 75 ക്വിന്റൽ വിൽപന നടത്തുന്ന റേഷൻ കടകളാക്കി പുനഃക്രമീകരണം നടത്തുന്നത്.

തീരുമാനം എടുത്തത് ലാഭനഷ്ടം പരിശോധിച്ചശേഷം

∙ റേഷൻകട ഉടമയ്ക്കു സർക്കാർ നിശ്ചയിച്ച കുറഞ്ഞ ശമ്പളം 16,000 രൂപയാണ്. ഈ തുക കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണു ഭക്ഷ്യധാന്യങ്ങളുടെ വിൽപന ക്രമീകരിക്കുന്നത്. ഒരു റേഷൻ കടയിലെ ഭക്ഷ്യധാന്യങ്ങളുടെ വിൽപന ശരാശരി 45 ക്വിന്റൽ ആക്കിയാൽ ഇപ്പോൾ നൽകുന്ന പ്രകാരം കൈകാര്യച്ചെലവ് 9900 രൂപ മാത്രമാണു ലഭിക്കുക. ബാക്കി 6100 രൂപ സർക്കാർ കണ്ടെത്തേണ്ടിവരും. സർക്കാർ അധികം കണ്ടെത്തേണ്ട തുക കുറയ്ക്കുന്നതിനാണ് ഇപ്പോൾ 75 ക്വിന്റൽ വിൽപന എന്ന പരിധി നിശ്ചയിച്ചിരിക്കുന്നത്.

നടപ്പായാൽ ജനങ്ങൾ വലയും

∙ നിലവിൽ റേഷൻ കാർഡ് ഉടമയ്ക്കു രണ്ടു കിലോമീറ്റർ പരിധിയിൽ റേഷൻകട ഉണ്ടായിരിക്കണമെന്നതാണു ചട്ടം. ഇ–പോസ് മെഷീനുകൾ സ്ഥാപിക്കുന്നതോടെ ഇഷ്ടമുള്ള റേഷൻ കടകളിൽ നിന്നു റേഷൻ വാങ്ങാമെന്നതായിരുന്നു ആദ്യനിർദേശം. എന്നാൽ എതിർപ്പു വന്നതോടെ ഈ തീരുമാനം സിവിൽ സപ്ലൈസ് വകുപ്പ് ഉപേക്ഷിച്ചു. തുടർന്നാണ് ഇപ്പോൾ കച്ചവടം കുറവുള്ള റേഷൻകടകൾ കണ്ടെത്തി ഇവ അടുത്ത കടകളിലേക്കു കൂട്ടിച്ചേർത്തു ക്രമപ്പെടുത്തുന്നതിനു തീരുമാനിച്ചത്. എന്നാൽ ഒരു റേഷൻ കടയിൽ നിന്നു കാർഡ് മറ്റൊരു കടയിലേക്കു മാറ്റുന്നതു പലപ്പോഴും കാർഡ് ഉടമകൾക്കു സ്വീകാര്യമായിരിക്കില്ല. ഇതോടൊപ്പം തൊഴിൽ നഷ്ടപ്പെടുമെന്നതിനാൽ ഉടമകളും ഇതിനെതിരെ രംഗത്തുവരും.

ജനദ്രോഹ നടപടി പിൻവലിക്കണം: ഡിസിസി പ്രസിഡന്റ്

കോട്ടയം ∙ റേഷൻ കടകളിൽ 75 ക്വിന്റൽ വിൽപന വരത്തക്കവണ്ണം റേഷൻ കാർഡുകളുടെ എണ്ണം പുനഃക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം പൊതുവിതരണ സംവിധാനം തകർക്കും. കാർഡുകളുടെ എണ്ണം കുറവുള്ള നൂറുകണക്കിനു റേഷൻ കടകൾ അടച്ചുപൂട്ടി ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്ന നടപടിയാണു സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പിൻവലിക്കാൻ സർക്കാർ തയാറാകണം. – ജോഷി ഫിലിപ്പ് (ഡിസിസി പ്രസിഡന്റ്‌)

3.66 ലക്ഷം പേരുടെ റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ച ആധാർ കാർഡുകൾ തിരസ്കരിച്ചു

കോട്ടയം ∙ ജില്ലയിൽ 3.66 ലക്ഷം പേരുടെ റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ച ആധാർ കാർഡുകൾ തിരസ്കരിച്ചു. വിവിധ ഘട്ടങ്ങളിൽ ആധാർ കാർഡ് നമ്പറുകൾ ചേർത്തപ്പോൾ ഉണ്ടായ പിശകാണ് ഇതിനു കാരണമെന്നാണു പറയുന്നത്. ഇത്തരത്തിൽ ആധാർ കാർഡ് തിരസ്കരിക്കപ്പെട്ട റേഷൻ കാർഡ് അംഗങ്ങൾ വീണ്ടും ആധാർ കാർഡ് നൽകേണ്ടി വരും. എന്നാൽ ആരുടെയല്ലാം ആധാറാണു നിരസിച്ചതെന്ന വിവരം ഇതുവരെ സിവിൽ സപ്ലൈസ് അധികൃതർക്കു ലഭിച്ചിട്ടില്ല.

ഇതു കിട്ടിയശേഷം ഇവരോടു വീണ്ടും ആധാർ കാർഡിന്റെ പകർപ്പ് ആവശ്യപ്പെടാനാണു തീരുമാനം. ചിലയിടങ്ങളിൽ റേഷൻ കടകൾ വഴി ആധാർ കാർഡിന്റെ കോപ്പി വാങ്ങിയപ്പോൾ ചില സ്ഥലങ്ങളിൽ ആധാർ കാർഡ് നമ്പർ എഴുതി നൽകിയതും സ്വീകരിച്ചിരുന്നു. എഴുതി നൽകിയപ്പോഴും പിന്നീട് ഇവ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോഴും ഉണ്ടായ പിശകാണ് ഇത്രയും പേരുടെ ആധാർ തിരസ്കരിക്കാൻ കാരണമെന്നു പറയുന്നു.

ജില്ലയിൽ ഇതുവരെ 48.67% പേർ മാത്രമാണു വിജയകരമായി റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളത്. ജില്ലയിൽ ആകെ 20.24 ലക്ഷം റേഷൻ കാർഡ് അംഗങ്ങളാണുള്ളത്. ഇതിൽ 17.26 ലക്ഷം പേർ മാത്രമാണ് ആധാർ നമ്പർ നൽകിയത്. ഇതിൽ നിന്നാണു 3.66 ലക്ഷം പേരുടെ ആധാർ നിരസിച്ചത്. ഇനിയും 2.97 ലക്ഷം അംഗങ്ങൾ ആധാർ ബന്ധിപ്പിക്കാനുണ്ട്. ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് 31 വരെയുള്ള സമയമാണ്.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ആധാർ ബന്ധിപ്പിച്ചത് 1430 പേർ മാത്രം. നാലുചക്രവാഹനം സ്വന്തമായുള്ളവർ ഉൾപ്പെട്ട റേഷൻ കാർഡുകൾ സർക്കാർ ഉത്തരവു പ്രകാരം ദാരിദ്ര്യരേഖയ്ക്കു മുകളിലാകും. കാർഡ് ഉടമകൾ ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആർടിഎ രേഖകൾ പരിശോധിച്ചാൽ നാലുചക്രവാഹനം ഉള്ളവരെ വേഗം കണ്ടെത്തി അനർഹരെ അപ്പോൾ തന്നെ ദാരിദ്ര്യരേഖയ്ക്കു താഴെ നിന്ന് ഒഴിവാക്കാൻ കഴിയും. ഇതുമൂലമാണു ഭൂരിഭാഗം പേരും ആധാർ ബന്ധിപ്പിക്കാൻ മടിക്കുന്നതെന്നു സിവിൽ സപ്ലൈസ് അധികൃതർ സംശയിക്കുന്നു.ആധാർ ബന്ധിപ്പിക്കാൻ ബാക്കി 2.97 ലക്ഷം; തിരസ്കരിക്കപ്പെട്ടത് 3.66 ലക്ഷം.

താലൂക്ക്: ആകെ അംഗങ്ങൾ, ആധാർ ബന്ധിപ്പിക്കാത്തവർ ബ്രായ്ക്കറ്റിൽ ക്രമത്തിൽ.

∙ കോട്ടയം: 637439–(95146).

∙ ചങ്ങനാശേരി: 376668–(62375)

∙ മീനച്ചിൽ: 407526–(65254).

∙ വൈക്കം: 324620–(41458).

∙ കാഞ്ഞിരപ്പള്ളി: 278130–(32875). സംസ്ഥാനത്തു വിജയകരമായി ആധാർ ബന്ധിപ്പിച്ചത് 29.57% മാത്രം

∙ സംസ്ഥാനത്ത് ഇതുവരെ വിജയകരമായി റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചത് 29.57% പേർ മാത്രമാണ്. 3.53 കോടി റേഷൻ കാർഡ് അംഗങ്ങളാണുള്ളത്. ഇതിൽ 2.87 കോടി പേർ ഇതുവരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു. എന്നാൽ ഇതിൽ നിന്നു 41.40 ലക്ഷം പേർ ആധാർ ബന്ധിപ്പിച്ചതാണു തിരസ്കരിച്ചിട്ടുള്ളത്.