ജില്ലാ പഞ്ചായത്ത്: ഭരണമുറപ്പിച്ചെങ്കിലും യുഡിഎഫിന് ശക്തിക്ഷയം

കോട്ടയം∙ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ യുഡിഎഫിന്റെ ശക്തി ചോരുന്ന പ്രകടനമായിരുന്നു കണ്ടത്. കേരള കോൺഗ്രസിന്റെ നാലു ശക്തികേന്ദ്രങ്ങളിൽ ഇടതുമുന്നണി നുഴഞ്ഞുകയറി വിജയം നേടി. കോൺഗ്രസിന്റെ കയ്യിൽ നിന്ന് കുമരകം സീറ്റ് സിപിഎം തിരിച്ചുപിടിച്ചു. പകരം ചുവപ്പുകോട്ടയായ കുറിച്ചി കോൺഗ്രസും തിരിച്ചുപിടിച്ചു. കഴിഞ്ഞതവണ നാലു സീറ്റിൽ വിജയിച്ച ഇടതുമുന്നണി എട്ടിടത്ത് വിജയിച്ചു. യുഡിഎഫിന്റെ ശക്തി 19 അംഗങ്ങളിൽ നിന്ന് ഇത്തവണ 14 ലെത്തി. കോൺഗ്രസിന് എട്ട് സീറ്റ്. പൂഞ്ഞാറിൽ നിർമല ജിമ്മിയുടെ തോൽവി കേരള കോൺഗ്രസിനെ ദുഃഖത്തിലാഴ്ത്തുന്നു. നിർമലയുടെ തോൽവി പി.സി. ജോർജിന്റെ വിജയംകൂടിയായതാണ് കൂടുതൽ പ്രഹരമായത്.

പൂഞ്ഞാർ ഡിവിഷൻ വ്യാപിച്ചുകിടക്കുന്നത് മന്ത്രി കെ.എം. മാണി പ്രതിനിധാനം ചെയ്യുന്ന പാലാ നിയമസഭാ മണ്ഡലത്തിലെ 55 വാർഡുകളിൽ കൂടിയാണെന്നത് കേരള കോൺഗ്രസിനെ ചിന്താക്കുഴപ്പത്തിലാക്കുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അതിരമ്പുഴ ഡിവിഷനിൽ കേരള കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോയതും മറ്റൊരു അടിയായി. കഴിഞ്ഞതവണ 8000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കേരള കോൺഗ്രസ് വിജയം കൊയ്തെടുത്തത്. സിപിഎമ്മിന്റെ മഹേഷ് ചന്ദ്രൻ ഇക്കുറി അട്ടിമറിവിജയം നേടി. സിപിഎം സ്വപ്നം പോലും കാണാത്ത വിജയമാണ് ഇവിടെ സംഭവിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്സ് തുരുത്തുമാലി രണ്ടാം സ്ഥാനത്തെത്തി.

കെ.പി. പോളായിരുന്നു കേരള കോൺഗ്രസ് സ്ഥാനാർഥി. ജിം അലക്സ് ഇവിടെ വിമതനായി മൽസരിക്കുകയായിരുന്നു. മുണ്ടക്കയം ഡിവിഷൻ സിപിഎം തിരിച്ചുപിടിച്ചപ്പോൾ വിജയത്തിന്റെ പകുതിപങ്ക് പി.സി. ജോർജിന്റെ സെക്യുലറിനും അവകാശപ്പെട്ടതാണ്. പൂഞ്ഞാർ തെക്കേക്കര, കോരുത്തോട്, പൂഞ്ഞാർ, തീക്കോയി പോലെ ജോർജിനു സ്വാധീനമുള്ള പഞ്ചായത്തുകൾ എൽഡിഎഫിന് കാര്യമായി കൂടെ നിന്നു. 20 വർഷമായി ഇടതുകോട്ടയായിരുന്ന വെള്ളൂർ ഡിവിഷൻ കഴിഞ്ഞതവണ കേരള കോൺഗ്രസ് അട്ടിമറി വിജയം നേടിയതാണ്.

ഇത് ഇക്കുറി ഇടതുമുന്നണി കല മങ്ങാട്ടിലൂടെ തിരിച്ചുപിടിച്ചു. മൽസരരംഗത്തു നിന്നു പിൻമാറിയിട്ടും സ്ഥാനാർഥിക്കു 3407 വോട്ട് കിട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ മൽസരിച്ച ബിജെപി സ്ഥാനാർഥി മിത്രലാലിനാണ് ഇത്രയും വോട്ട് കിട്ടിയത്. ബിജെപിയും സമത്വമുന്നണിയും പിൻവലിക്കാനുള്ള സമയം കഴിഞ്ഞുമാത്രം ധാരണയിലെത്തിയ ഡിവിഷനാണിത്. സമത്വമുന്നണിയുടെ എസ്. ഡി. സുരേഷ്ബാബുവിനു വേണ്ടി‌ മിത്രലാൽ കളം വിട്ടിരുന്നു. ഒരുമിച്ച് പത്രസമ്മേളനവും നടത്തി. എസ്എൻഡിപി യോഗം തലയോലപ്പറമ്പ് യൂണിയൻ കൺവീനർ കൂടിയായ സുരേഷ് ബാബുവിന് 6505 വോട്ടാണ് കിട്ടിയത്.