ജീപ്പ് സ്വന്തം ദേഹത്തുകൂടി കയറ്റിയിറക്കി പൊൻകുന്നത് റോജിയുടെ സാഹസപ്രകടനം .. ജന്മനാട്ടിലെ ആള്‍ക്കാരുടെ മനം കവര്‍ന്നു.

1-roji-martial-arts

click on the photo for full view

പൊന്‍കുന്നം:കണ്ണടച്ചുതുറക്കാനൊരു നിമിഷം നല്‍കാതെ അമ്പരപ്പിച്ച്, കണ്ണഞ്ചിപ്പിച്ച് മിന്നും വേഗത്തില്‍ സാഹസപ്രകടനം, ഓരോ പ്രകടനത്തിലൂടെയും റോജി ആന്റണി ജന്മനാട്ടിലെ ആള്‍ക്കാരുടെ മനം കവര്‍ന്നു.

ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ വിഷു പരിപാടിയിലാണ് ഇപ്പോള്‍ കുമളിയില്‍ താമസിക്കുന്ന പൊന്‍കുന്നം തോട്ടുങ്കല്‍ റോജി ആന്റണി ആയോധനകലയിലെ പ്രാവീണ്യവുമായി വിവിധ സാഹസിക കാഴ്ചകള്‍ ഒരുക്കിയത്.

ജീപ്പ് സ്വന്തം ദേഹത്തുകൂടി കയറ്റിയിറക്കിയും ഉരുക്കുകമ്പിയും മേച്ചില്‍ഓടും കൈകൊണ്ട് വെട്ടിയൊടിച്ചും മനക്കുരുത്തും കൈക്കരുത്തും തെളിയിച്ചു. വാള്‍പ്പയറ്റും ഉറുമിപ്പയറ്റും അവതരിപ്പിച്ച് ആയോധനകലയിലെ പ്രാവീണ്യവും കാട്ടി.

കരാട്ടേ, കുങ്ഫു, ജൂഡോ, കളരിപ്പയറ്റ് എന്നിവയില്‍ വിദഗ്ധനായ റോജി ഇരുപതോളം സാഹസിക പരിപാടികളാണ് പൊന്‍കുന്നം രാജേന്ദ്രമൈതാനത്തെ വേദിയില്‍ നടത്തിയത്.

ഡോ.എന്‍.ജയരാജ് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍ സാഹസിക പ്രകടന പരിപാടി ഉദ്ഘാടനം ചെയ്തു. കവി ബേബി തോമസിനെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.കെ.സുരേഷ്‌കുമാര്‍, അഡ്വ.ഗിരീഷ്എസ്.നായര്‍, വി.ജി.ലാല്‍, തോമസ് പുളിക്കന്‍, കെ.ജി.കണ്ണന്‍, പി.പ്രസാദ്, കെ.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നാടന്‍കലാമേളയും ഉണ്ടായിരുന്നു.

2-web-martial-arts