ജോസ് കെ. മാണി പോയാൽ കോട്ടയത്തിന്റെ കാര്യം ഇനി ആരു നോക്കും?

കോട്ടയം ∙ ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ കാര്യം ആരു നോക്കും?
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രമുള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ് ആദ്യസൂചന. ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച അന്തിമതീരുമാനം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാകുമെന്നും വാദമുണ്ട്. കർണാടകയിലെ ഒഴിവു വന്ന ലോക്സഭാ സീറ്റുകളിൽ ഉപതിര‍ഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ ആലോചിക്കുന്നുണ്ടെന്നാണു സൂചന. 21നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്. സത്യപ്രതിജ്ഞ ജൂലൈ രണ്ടാംവാരത്തിലേക്കു നീങ്ങും. തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപിക്കു ലോക്സഭാ എംപി സ്ഥാനം രാജിവയ്ക്കാൻ പിന്നെയും 15 ദിവസത്തെ സമയം ലഭിക്കും.

ജൂലൈ അവസാനവാരത്തോടെ എംപി സ്ഥാനം രാജിവച്ചാൽ മതി. പിന്നെ പൊതുതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നതു പത്തു മാസം മാത്രം. ജനപ്രതിനിധി ഇല്ലാതെവന്നാൽ ഈ വർഷത്തെ അഞ്ചു കോടി രൂപയുടെ എംപി ഫണ്ട് നഷ്ടപ്പെട്ടേക്കും. ഈ തുക ലഭിച്ചു പൂർത്തിയാക്കേണ്ട പദ്ധതികൾക്കു കാലതാമസം നേരിടും. എംപി സ്ഥാനം രാജിവയ്ക്കുന്നതോടെ നിലവിലുള്ള പ്രവൃത്തികൾക്കായുള്ള തുടർ അനുമതികളും നൽകാനാകില്ല. അല്ലെങ്കിൽ സ്ഥാനം രാജിവയ്ക്കുന്നതിനു മുമ്പുതന്നെ അവയ്ക്ക് അംഗീകാരം നൽകണം. മുന്നോട്ടു പോകുന്ന പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിന് ഇടപെടാം. ജില്ലാ കലക്ടർ, ചീഫ് സെക്രട്ടറി എന്നിവരുടെ ഇടപെടലിൽ നടപടികൾ പൂർത്തിയാകുന്ന പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കും.