ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ സ്നേഹദീപം
ഇറ്റലിയിലെ ഗുബ്യോ നഗരത്തെ കിടുകിടാ വിറപ്പിച്ച ചെന്നായയെ വിരൽത്തുമ്പുകൊണ്ട് ശാന്തനാക്കിയ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതമാണു മുണ്ടക്കയം ഇഞ്ചിയാനി പുളിക്കൽ ജോസുകുട്ടിയെ പിടിച്ചുലച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കഥ പറഞ്ഞ ‘ബ്രദർ വൂൾഫ്’ നാടകം കണ്ട ജോസ് പുളിക്കൽ ഒരു തീരുമാനമെടുത്തു: ‘അസീസിയുടെ വഴിയാണ് എന്റെ വഴി.’ സ്വത്തും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് സന്യാസത്തിന്റെ തൂവെള്ളക്കുപ്പായം തിരഞ്ഞെടുത്ത ജോസുകുട്ടി, ഫാ. ജോസ് പുളിക്കലായി. പിന്നീടു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി. ഇനി, ഇടയശ്രേഷ്ഠൻ. 

ഒറ്റയടിപ്പാത

മുണ്ടക്കയം ഇഞ്ചിയാനി പുളിക്കൽ ആന്റണി – മറിയാമ്മ ദമ്പതികളുടെ ഏകമകനായി ജനനം. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്കുശേഷം പ്രാർഥനകൾക്കും നേർച്ചകൾക്കുമൊടുവിലാണ് ആന്റണിക്കും മറിയാമ്മയ്ക്കും കുഞ്ഞുണ്ടാകുന്നത്. ജോസുകുട്ടിയെന്നായിരുന്നു വിളിപ്പേര്. പ്രീഡിഗ്രി പഠനകാലത്ത് അച്ചനാകാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ആദ്യം സങ്കടപ്പെട്ടെങ്കിലും മാതാപിതാക്കൾ ജോസുകുട്ടിയുടെ ആഗ്രഹത്തിനു കൂട്ടുനിന്നു.

പഠനവഴി

വടവാതൂർ സെന്റ് തോമസ് സെമിനാരിയിൽനിന്നു തത്വശാസ്ത്രത്തിൽ ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം. ബെംഗളൂരു സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ദൈവശാസ്ത്രത്തിലും മാസ്റ്റർ ബിരുദം. ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കി. 

സ്നേഹദീപം

സെമിനാരി പഠനകാലത്തെ ജയിൽ സന്ദർശനങ്ങളും പിന്നീടു ജയിൽ മിനിസ്ട്രിയിലെ സേവനവും ജോസച്ചനെ സ്പർശിച്ചു. തടവുകാരുടെ മക്കൾക്കായി ഒരു അഭയകേന്ദ്രം തുടങ്ങാനുള്ള ചിന്ത മനസ്സിലുയർന്നപ്പോൾ ആദ്യം തെളിഞ്ഞതു കുടുംബസ്വത്താണ്. മാതാപിതാക്കളുടെ സമ്മതത്തോടെ തറവാടും രണ്ടരയേക്കർ പുരയിടവും സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന് എഴുതിക്കൊടുത്തു. 1994ൽ ‘സ്നേഹദീപം’ എന്ന പേരിൽ സ്വന്തം വീട്ടിൽ ആശ്വാസകേന്ദ്രമുയർന്നു. 

സേവനവഴി

സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിട്ടാണ് ആദ്യ നിയമനം. തൃശൂർ വെട്ടുകാട് സ്നേഹാശ്രമത്തിന്റെ ഡയറക്ടറായിരുന്നു. 7 വർഷത്തോളം രൂപതാ വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും രൂപതാ മിഷൻ ലീഗിന്റെയും ഡയറക്ടറായി. 2011 ഫെബ്രുവരി മുതൽ റാന്നി – പത്തനംതിട്ട മിഷൻ മേഖലയുടെ പ്രത്യേക ചാർജുള്ള സിഞ്ചെല്ലൂസും പത്തനംതിട്ട ഫൊറോനാ വികാരിയും. 

എഴുത്തുവഴി

സ്നേഹത്തിന്റെ വിസ്ഫോടനവും ദിവ്യസ്പന്ദനങ്ങളും, ഹൃദയനിലത്തെ മഴപ്പെയ്ത്ത്, പുഴയുടെ ഹൃദയംപോലെ, ജീസസ് ദ് ഡൈനാമിക് വേ, ഡൈനമിക്സ് ഓഫ് ജീസസ് കമ്യൂണിറ്റി എന്നീ പുസ്തകങ്ങൾ രചിച്ചു.