ഞങ്ങൾ നികൃഷ്ടജീവികളല്ല; ആ മനോഭാവം തിരുത്തണം: മഹാരാജാസിലെ ട്രാൻസ്‌വുമൺ

കൊച്ചി∙ ‘പൈസയ്ക്കു വേണ്ടിയാണെങ്കിൽ ഇവിടെ കോളജിൽ വരേണ്ട കാര്യമില്ല’ അപമര്യാദയായി പെരുമാറിയ എറണാകുളം മഹാരാജാസ് കോളജ് സൂപ്രണ്ടിനുവേണ്ടി പക്ഷം പിടിക്കാനൊരുങ്ങിയ എല്ലാവരോടുമായിട്ടാണ് അവൾ അതു പറഞ്ഞത്. സ്റ്റഡി ലീവിനായി കോളജ് അടയ്ക്കുന്ന ദിവസമാണ്, നടന്നു വരുമ്പോൾ കോളജ് സൂപ്രണ്ട് ലൈംഗികചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തത്. ഇതിനെതിരെ പരാതി പറഞ്ഞിട്ടും ആദ്യമൊന്നും കോളജ് അധികൃതർ അനങ്ങിയില്ല. സൂപ്രണ്ടിനെ പ്രിൻസിപ്പൽ വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ കുറ്റം സമ്മതിച്ചെന്നും അവൾ പറഞ്ഞു. മഹാരാജാസിലെ ബിഎ മലയാളം ഒന്നാം വർഷ വിദ്യാർഥിനിയായ ട്രാൻസ് വുമണാണ് പരാതിക്കാരി.
‘എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ ക്ഷമിക്കണം’ എന്നു പറഞ്ഞു രക്ഷപെടാനായിരുന്നു അയാളുടെ ശ്രമം. പക്ഷെ വിദ്യാർഥിനി പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടും തുടർ നടപടിയുണ്ടായില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം രാത്രി എസ്എഫ്ഐ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യം കാര്യങ്ങൾ പറഞ്ഞു തീർക്കാനായിരുന്നു ശ്രമം. രാത്രി ഒൻപതുമണിക്കു ശേഷവും വിദ്യാർഥികൾ പിരിഞ്ഞു പോകാതിരുന്നതോടെ പ്രിൻസിപ്പലിന് നടപടി എടുക്കാതെ വയ്യെന്നായി. ഒടുവിൽ പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് വിദ്യാർഥികൾ പിരിഞ്ഞു പോയത്.

KERALA
വായിലും മൂക്കിലും രക്തം; കാര്യസ്ഥന്റെ മൊഴിവൈരുധ്യം, സംശയം ഉറപ്പിച്ച് ‘കൂടത്തിൽ’
‘ട്രാൻസ് ജെൻഡർ എന്നാൽ മുഴുവൻ സമയം ലൈംഗികതയ്ക്കു വേണ്ടി ജീവിക്കുന്നവരാണെന്ന് തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണ് കുറെപ്പേർ. എല്ലാവർക്കും ട്രാൻസിനോടുള്ള മനോഭാവം അങ്ങനെയാണ്. ആ മനോഭാവം തിരുത്തണം. വീട്ടുകാരും എല്ലാവരും ഒഴിവാക്കിയിട്ടും കോടതി വിധി സമ്പാദിച്ച് ശസ്ത്രക്രിയയിലൂടെ ട്രാൻസ് വുമണായി കോളജിലെത്തിയത് പഠിക്കാൻ തന്നെയാണ്. മാന്യമായി ജീവിക്കാനും പഠിച്ച് ജോലി നേടാനും വേണ്ടിയാണ് വന്നതെന്ന് എല്ലാവരും മനസിലാകണം. തെറ്റ് തെറ്റായിരുന്നെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഞാനത് ആരോടും പറയാതിരുന്നാൽ മറ്റൊരു പെൺകുട്ടിക്കും എന്തും സംഭവിക്കാം.
മറ്റ് കാര്യങ്ങളിലേയ്ക്കു പോകാതെ മാന്യമായി ജീവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും സർക്കാർ ആനുകൂല്യങ്ങളും സ്വീകരിച്ച് പഠിച്ച് നല്ലൊരു ജീവിതമുണ്ടാക്കാൻ ശ്രമിക്കുന്നത്. ട്രാൻസ് വുമണായി മാറിയ ശേഷം സ്വന്തമായി ജോലി ചെയ്താണ് പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നത്. പാട്ടുപാടാനും ഷോകൾക്കും പോകും. ഫാഷൻഷോ ചെയ്യും. നാലരയാകുമ്പോൾ കോളജിൽ നിന്നു പോന്നാൽ പിന്നെ ഒരു പാർലറിൽ ജോലിചെയ്യും. ജോലി ഉള്ള ദിവസം മിസിനോട് പറഞ്ഞ് അവധിയെടുത്ത് ജോലിക്കു പോകും. മേക്കപ്പ് ആർട്ടിസ്റ്റായുള്ള ജോലികഴിഞ്ഞ് കഴിഞ്ഞ് വീട്ടിൽ വന്നാൽ മരുന്ന് എടുക്കണം. ഹോർമോൺ ചികിത്സയെടുക്കുന്നുണ്ട്. കൃത്യം ഒൻപതു മണിക്ക് തന്നെ ഉറങ്ങും. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് നടക്കാൻ പോകും. തിരികെ വന്ന് പഠിക്കും. ഭക്ഷണമുണ്ടാക്കും. മറ്റ് പരിപാടികൾക്ക് താൽപര്യമില്ല. മറ്റു മനുഷ്യർക്ക് നമ്മളോടുള്ള ചിന്ത ഇതായതിനാൽ അധികം പുറത്തു പോകാറില്ല. നമ്മൾ ഫുൾടൈം ഇതിനു വേണ്ടി ജീവിക്കുന്നവരാണെന്നാണ് ജനങ്ങളുടെ ചിന്ത. അത് മാറ്റണമെന്നുള്ളതുകൊണ്ടാണ് പ്രതികരിച്ചത്.

TOP NEWS
കാര്‍ തുറന്നു കൊടുക്കാന്‍ പൊലീസ്; താമസം ഉന്നതര്‍ക്കൊപ്പം: വിപിന്റെ ‘എഎസ്പി’ തട്ടിപ്പ്‌
പത്തുപേർ ഓടിയാൽ മുന്നിലെത്തുന്നത് ഒന്നോ രണ്ടോ പേരായിരിക്കുമല്ലോ. മുന്നിലെത്തുന്ന ഒരാളാകാനാണ് ഈ ഓട്ടം. എനിക്കായതു കൊണ്ട് പ്രതികരണ ശേഷിയുണ്ടായി, വളർന്നു വരുന്ന ഒരു പെൺകുട്ടിയോട് ഇയാൾ ഇങ്ങനെ പെരുമാറിയാൽ എന്തു ചെയ്യണമെന്നു പോലും അറിയാതെ ആയിപ്പോകും അവൾ. അവർക്കു വേണ്ടികൂടിയാണ് ഞാൻ ശബ്ദമുയർത്തിയത്. എനിക്കും സമൂഹത്തിനും എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ശബ്ദമുയർത്തിയത്.
ഞങ്ങളെ നല്ലൊരു കണ്ണിൽ കണ്ടാൽ മാത്രമേ ഞങ്ങൾ നിങ്ങളെ ഗുരുസ്ഥാനീയരായി കാണൂ. അദ്ദേഹത്തിന്റേത് കുശലാന്വേഷണമായിരുന്നെങ്കിൽ മനസിലാകുമായിരുന്നു. കോളജിൽ ക്ലാസ് കഴിഞ്ഞ് വരാന്തയിലൂടെ നടക്കുകയായിരുന്നു. നല്ല മഴയുള്ള ദിവസമാണ്. വണ്ടിയിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുമ്പോൾ അടുത്തു വന്ന് ശരീരത്തേയ്ക്ക് നോക്കി അനാവശ്യ വാക്കുകൾ പറയുകയും മോശമായി അപ്രോച്ച് ചെയ്യുകയും ചെയ്തു. അപ്പോഴാണ് പ്രിൻസിപ്പലിനെ സമീപിച്ച് പരാതി എഴുതി നൽകിയത്.’ – വിദ്യാർഥിനി പറഞ്ഞു.
നികൃഷ്ട ജീവിയെ കാണുന്ന പോലെയാണ് പലരും ട്രാൻസിനെ കാണുന്നത്. ട്രാൻസ് മാലപൊട്ടിക്കുന്നു, മോഷ്ടിക്കുന്നു, അങ്ങനെ ചെയ്യുന്നു ഇങ്ങനെ ചെയ്യുന്നു എന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. അവർക്കെതിരെ ഞങ്ങൾ സംഘടന തന്നെ നടപടിയെടുക്കുന്നുണ്ട്. പലപ്പോഴും പൊലീസ് മോശമായി പെരുമാറാറുണ്ടെങ്കിലും തന്റെ പരാതി അന്വേഷിക്കാൻ വന്ന പൊലീസുകാർക്ക് അവസ്ഥ മനസിലായി. മകളോടെന്ന പോലെയാണ് പെരുമാറിയത്. ഞങ്ങൾ ക്യാംപസിൽ ട്രാൻസായി ഒൻപതു പേർ പഠിക്കുന്നുണ്ട്. എല്ലാവരോടും അധ്യാപകരുൾപ്പടെ എല്ലാവരും നന്നായാണ് പെരുമാറുന്നത്’ – അവൾ പറയുന്നു.