ടയർക്ഷാമം : കെഎസ്ആർടിസി ഡിപ്പോകൾ പ്രതിസന്ധിയിൽ

പൊൻകുന്നം : ടയറിന്റെയും സ്‌പെയർ പാർട്‌സുകളുടെയും ക്ഷാമം കെഎസ്ആർടിസി ഡിപ്പോയുടെ നടുവൊടിക്കുന്നു. ലാഭകരമായി സർവീസ് നടത്തിയിരുന്ന ഒട്ടേറെ ബസുകളാണ് ഒരാഴ്ചയായി ഓടാത്തത്. ഇതുമൂലം ദൈനംദിന കലക്‌ഷനിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബസുകൾ കൂട്ടത്തോടെ ഓടാതായതോടെ യാത്രാക്ലേശവും രൂക്ഷമായിരിക്കുകയാണ്. ടയറും സ്‌പെയർ പാർട്‌സുകളും ലഭിക്കാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്ന് ഡിപ്പോ അധികൃതർ സ്ഥിരീകരിച്ചു.

പല നല്ല റൂട്ടുകളിലും നാമമാത്രമായാണ് കെഎസ്ആർടിസി സർവീസുകൾ നടത്തിയത്. ആവശ്യത്തിനുള്ള ടയർ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതർ. നല്ല കലക്‌ഷൻ ലഭിച്ചിരുന്ന ഓർഡിനറി സർവീസുകൾ കട്ടപ്പുറത്തായതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ്. പല ബസുകളുടെയും ഒരു ടയറെങ്കിലും ഓടി തേഞ്ഞ നിലയിലാണ്.