ടാപ്പിങ്ങിന് അവധി

മുണ്ടക്കയം ∙ റബർ മരങ്ങൾക്ക് ഇലകൊഴിയും കാലമായി ഉൽപാദനക്കുറവു മുന്നിൽ കണ്ട് ടാപ്പിങ്ങിന് അവധി നൽകുവാൻ ഒരുങ്ങുകയാണു കർഷകർ. ജനുവരി പകുതിയോടെ സംഭവിക്കുന്ന സ്വാഭാവിക ഇലകൊഴിച്ചിലാണു തോട്ടങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. പുലർച്ചെയുള്ള അതിശൈത്യം മൂലം ഇലകൊഴിച്ചിലിന്റെ ആരംഭത്തിൽ ഉൽപാദനം മെച്ചപ്പെടുമെങ്കിലും ഇലകൾ പൂർണമായും കൊഴിഞ്ഞതിനുശേഷം തളിർക്കുമ്പോൾ ഉൽപാദനം ഗണ്യമായി കുറയുകയാണു പതിവ്.

ഇതു മുന്നിൽ കണ്ടാണ് എസ്റ്റേറ്റുകൾ അടക്കം അവധിയിൽ പ്രവേശിക്കുവാൻ ഒരുങ്ങുന്നത്. പക്ഷെ, ചെറുകിട കർഷകർക്ക് ഇലകൊഴിച്ചിൽ വൻ തിരിച്ചടിയാണു നൽകുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ അനുഭവിച്ച കനത്ത വരൾച്ചമൂലം അകാല ഇലകൊഴിച്ചിൽ ഉണ്ടാകുകയും ഉൽപാദനം കുറഞ്ഞു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇക്കുറി ജലാശയങ്ങൾ നേരത്തേ വരൾച്ചയിലേയ്ക്ക് നീങ്ങുന്നതും ഉൽപാദന കുറവിനു കാരണമാകും.

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ടാപ്പിങ് നിർത്തിവച്ചു തോട്ടത്തിലെ മറ്റു ജോലികൾ പൂർത്തീകരിക്കുകയാണ് എസ്റ്റേറ്റുകളിൽ ചെയ്യുന്നത്. ഇലകൊഴിച്ചിലിനൊപ്പം അന്തരീക്ഷ മർദത്തിന്റെ മാറ്റംകൊണ്ടും ഉൽപാദന കുറവ് അനുഭവപ്പെടുന്നുണ്ട്. റബർ മരങ്ങൾ ടാപ്പ് ചെയ്യുമ്പോൾ മരങ്ങളിലെ നാരുകൾ വഴിയാണു ലാറ്റക്സ് ഒഴുകിയെത്തുന്നത്. നല്ലരീതിയിൽ ലാറ്റക്സ് ലഭിക്കുന്നതു പൊതുവേ മഞ്ഞുകാലത്താണ്. ഇന്നാൽ, ഇപ്പോൾ രാത്രി കാലങ്ങളിൽ അതി ശൈത്യമാണെങ്കിലും ഇല തളിർക്കുന്ന കാലം ആകുമ്പോൾ ഉൽപാദനം 30 ശതമാനത്തിലധികം കുറയുമെന്നാണു കർഷകർ പറയുന്നത്.