ടേക്ക് ഓവർ സർവീസുകൾ കെഎസ്ആർടിസിക്ക് പുതിയ വയ്യാവേലി

പൊൻകുന്നം∙ ‘ആകെ നഷ്ടത്തിലാണ്. അതിന്റെകൂടെ ഇത്തരം വയ്യാവേലിയും’. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസിക്കു ‘വയ്യാവേലിയാകുകയാണ്’ ടേക്ക് ഓവർ സർവീസുകൾ. ടേക്ക് ഓവർ സർവീസുകൾ ഒട്ടുമിക്കവയും നഷ്ടത്തിലാണെന്നു ജീവനക്കാരും അധികൃതരും പറയുന്നു. പൊൻകുന്നം-വൈറ്റില-ഗുരുവായൂർ-കോഴിക്കോട് സർവീസ് നടത്തുന്നതു ദിനംപ്രതി 5,000 രൂപ നഷ്ടത്തിൽ. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഒരുമാസമായി നിർത്തിവച്ചിരുന്ന പൊൻകുന്നം-കോഴിക്കോട് സർവീസ് ഇന്നലെ പുനരാരംഭിച്ചു.

എറണാകുളത്തുനിന്നു കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിന്റെ റൂട്ട് ഏറ്റെടുത്ത് ഓടിച്ചിരുന്ന സർവീസ് പൊൻകുന്നത്തേക്കു നീട്ടിയതോടെയാണു നഷ്ടത്തിലായത്. കോടതി ഉത്തരവിനെ തുടർന്നാണു ചില സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തുനടത്തുന്നത്.

∙ 100 കിലോമീറ്റർ ഓടിയാൽ കിട്ടുന്നത് 100 രൂപ

പുലർച്ചെ 3.40നു പൊൻകുന്നത്തുനിന്നു പുറപ്പെടുന്ന ബസ് വൈറ്റിലവരെയുള്ള 100 കിലോമീറ്റർ ദൂരം എത്തുമ്പോൾ കിട്ടുന്ന വരുമാനം 100 രൂപയിൽ താഴെയാണെന്നു ജീവനക്കാർ. എറണാകുളത്തുനിന്നു കോഴിക്കോട്ടേക്ക് ഓടുമ്പോഴാണു വരുമാനം ലഭിക്കുന്നതെന്നും ഇത് 7000-8000 രൂപയോളം വരുമെന്നും ഇവർ പറയുന്നു. പുലർച്ചെ 3.40ന് പുറപ്പെട്ടു രാത്രി 10.30നാണ് ബസ് തിരിച്ചെത്തുന്നത്. അസമയത്തെ സർവീസ് ആയതിനാലാണു കലക്‌ഷൻ കുറയുന്നത്.

പൊൻകുന്നത്തുനിന്നു കോഴിക്കോടുവരെയുള്ള 240 കിലോമീറ്റർ ദൂരം ഓടി തിരിച്ചെത്തുമ്പോൾ ശരാശരി വരുമാനം 9,000 രൂപയിൽ താഴെമാത്രമാണ്.140 ലീറ്റർ ഡീസലും നാലുജീവനക്കാരുടെ ശമ്പളവും കൂടി ചേരുമ്പോൾ 5,000 രൂപ നഷ്ടത്തിലാണെന്ന് അധികൃർ പോലും സമ്മതിക്കുന്നു. പൊൻകുന്നത്തു മൂന്നു ടേക്ക് ഓവർ സർവീസുകളാണ് ഉള്ളത്. കട്ടപ്പന-കോട്ടയം, പൊൻകുന്നം-പാണത്തൂർ, പൊൻകുന്നം-കോഴിക്കോട് എന്നിവയിൽ കോഴിക്കോട് സർവീസ് ഒഴിച്ചുള്ളവ ‘മുതലെങ്കിലും’ തിരിച്ചുപിടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു