ടോയ്‌ലെറ്റുകളിലും ട്രയൽ റൂമുകളിലും ഒളികാമറയെ ഭയക്കേണ്ട; കണ്ടു പിടിക്കാൻ ഇതാ എളുപ്പവഴികൾ

ഒരു ഹോട്ടൽ മുറിയിൽ പോയാലോ പുതിയ വസ്ത്രം നോക്കാനായി ട്രയൽ റൂമിൽ കയറിയാലോ ഒക്കെ എല്ലാവർക്കും ഇന്ന്് ഭയമാണ്. ഒളിക്യാമറയുണ്ടാകുമോ എന്ന പേടിയിൽ പലരും ട്രയൽ റൂമുകളും ഹോട്ടൽ മുറികളിലെ താമസവും ഒക്കെ ഒഴിവാക്കുന്നതായും കേൾക്കാറുണ്ട്. എത്രനാൾ ഇത് തുടരാനാകും. പ്രായോഗികമായി ഇതിന് പരിഹാരമുണ്ടോ? നിങ്ങളുടെ സ്വകാര്യതയിലേയ്ക്ക് നീളുന്ന ക്യാമറക്കണ്ണുകള്‍ എവിടെയും പ്രത്യക്ഷപ്പെട്ടേക്കാം. പല രൂപത്തില്‍ പല ഭാവത്തില്‍ അത് എവിടെയും കാണാം. തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. യാത്രകളില്‍ ഹോട്ടല്‍ മുറികളിലും ബാത്ത്‌റൂമുകളിലും തുണിക്കടയിലെ ട്രയല്‍ റൂമിലുമെല്ലാം ഇത്തരത്തിലുള്ള ക്യാമറകള്‍ കണ്ടുപിടിക്കുന്ന വാര്‍ത്തകള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എത്രയോ പേരുടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തിയ ശേഷമാണ് ഒരിക്കല്‍ ആരെങ്കിലും ഇത് കണ്ടുപിടിക്കുന്നതു തന്നെ. അപ്പോഴേയ്ക്കും നിരവധിപ്പേരുടെ സ്വകാര്യത നഗ്നചിത്രങ്ങളായും വിഡിയോകളായും സോഷ്യൽമീഡിയകളിലും പോണ്‍ സൈറ്റുകളിലും കറങ്ങിത്തിരിയുന്നുണ്ടാവും.

യാത്രകളിലും മറ്റും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. അപകടം ഇല്ലെന്നു ഉറപ്പിക്കുന്ന സ്ഥലങ്ങളില്‍ പോലും ശ്രദ്ധയോടെ മാത്രം പെരുമാറുക. നിലവില്‍ ഓണ്‍ലൈനിലും മറ്റു മാര്‍ക്കറ്റുകളിലുമെല്ലാം തന്നെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള രഹസ്യക്യാമറകള്‍ വാങ്ങിക്കാന്‍ കിട്ടും. സാധാരണയായി വില്‍ക്കപ്പെടുന്ന ഇത്തരം ചില ക്യാമറകളെ പരിചയപ്പെടാം. ഇത്തരം ക്യാറകളെയാണ് എവിടെയും സൂക്ഷിക്കേണ്ടത്.

1. റൂമിലെ ലൈറ്റിൽ ക്യാമറ

തിയേറ്ററുകളിലും മറ്റും ഇരുട്ടിൽ എച്ച്ഡി മികവോടെ സർവൈലൻസ് ദൂരസ്ഥലങ്ങളിലും മറ്റും പോകേണ്ടിവരുമ്പോള്‍ സുരക്ഷിതമായ താമസസ്ഥലം തിരഞ്ഞെടുക്കാന്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കും. മുറിക്കുള്ളില്‍ കയറിയാല്‍ പിന്നെ സുരക്ഷിതമായി എന്നായിരിക്കും മിക്കവരുടെയും ചിന്ത. എന്നാല്‍ ഇനി ആ ചിന്ത പോലും വേണ്ട. മുറിയിലെ ചുവരില്‍ സര്‍വ്വം നിരീക്ഷിക്കാന്‍ ഒരു ഒരു ക്യാമറ ചിലപ്പോള്‍ കണ്ണും തുറന്നിരിക്കുന്നുണ്ടാവും!

കാണുമ്പോള്‍ സാധാരണ ബള്‍ബിനെപ്പോലെത്തന്നെ ഇരിക്കുന്ന ഈ ക്യാമറയ്ക്ക് ഇരുട്ടത്ത് പോലും കാര്യങ്ങള്‍ കാണാനും രേഖപ്പെടുത്താനും കഴിയും. അതും എച്ച്ഡി മികവോടെ! അപ്പുറത്ത് ഇരിക്കുന്ന ആള്‍ക്ക് റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതില്‍ കാണും.

2. ക്ലോക്കിലെ ക്യാമറ

ഇന്റര്‍വ്യൂവിനോ മറ്റോ പോകുമ്പോഴും ആളുകളോട് സംസാരിക്കുമ്പോഴുമെല്ലാം മുന്നിലെ ടേബിളില്‍ ശരിക്ക് നോക്കിക്കോളൂ. മേശപ്പുറത്ത് വച്ച ക്ലോക്കിനുള്ളില്‍ ചിലപ്പോള്‍ നിങ്ങളെ നിരീക്ഷിക്കാന്‍ ഒരു ക്യാമറ കാണും. ഇതും റിമോട്ട് കണ്ട്രോള്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കും. അതി ചിലപ്പോൾ ക്ലോക്കിനകത്ത് ക്വാർട്സ് എന്നൊക്കെ എഴുതിയ ക്യു എന്ന അക്ഷരത്തിനുള്ളിൽ പോലുമാകാം.

3. പെൻ ക്യാമറ

പേനയിലെ ക്യാമറകള്‍ ചിലപ്പോള്‍ കുറച്ചുകൂടി കണ്ടുപരിചയം കാണും. അത്രമാത്രം വിലക്കുറവിലും സാധാരണയായും ഇത് ലഭ്യമാണ്. കീശയില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പേനകള്‍ മുന്നില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ ഫോട്ടോകളും വിഡിയോകളും രേഖപ്പെടുത്തി വയ്ക്കും. സാധാരണ സിനിമകളില്‍ എല്ലാം ജേര്‍ണലിസ്റ്റുകളും സ്‌പൈ എജന്റുകളും ഉപയോഗിക്കുന്ന വസ്തുവായി ഈ ക്യാമറ കാണിക്കാറുണ്ട്.

4. കീച്ചെയിന്‍ ക്യാമറ

കീച്ചെയിനിന്റെ രൂപത്തിലിരിക്കുന്ന ക്യാമറയാണിത്. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഒരിക്കല്‍ മുഴുവനായി ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകള്‍ വരെ കിട്ടുന്ന തരം ക്യാമറകള്‍ ഉണ്ട്. ഫോട്ടോകളും വിഡിയോകളും എടുക്കാം.

5. ബട്ടന്‍ ക്യാമറ

ഷര്‍ട്ടിന്റെ ബട്ടന്‍ഹോളിനുള്ളില്‍ തിരുകി വയ്ക്കാവുന്ന ക്യാമറയാണ് ഇത്. ഇതത്ര പുതുമയുള്ളതൊന്നുമല്ല. ഒളിക്യാമറകളുടെ ആദ്യ തലമുറയില്‍ പെട്ടതാണിത്. മുന്‍പില്‍ ഇരിക്കുന്ന ആള്‍ പറയുന്ന കാര്യങ്ങള്‍ അയാളറിയാതെ റെക്കോഡ് ചെയ്യുന്ന ഇത്തരം ക്യാമറകളും പെന്‍ ക്യാമറകളുമെല്ലാം സാധാരണയായി ജേണലിസ്റ്റുകളും മറ്റും ഉപയോഗിച്ച് വരാറുണ്ട്. ഇതിന് പിന്നിൽ അപ്പോൾ തന്നെ വിവരങ്ങൾ കംപ്യൂട്ടറിലേക്ക് ശേഖരിക്കാൻ കഴിയുന്ന യുഎസ്ബി കേബിൾ ഉണ്ടാകും.

ക്യാമറക്കണ്ണുകള്‍ എങ്ങനെ തിരിച്ചറിയാം

കണ്ണുകള്‍ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം വിദഗ്ധമായായിരിക്കും ഒളിക്യാമറകള്‍ ക്രമീകരിക്കുന്നത്. ഇവയെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

ആപ്പ് ഡൗൺ ലോഡ് ചെയ്യാം

പ്ലേസ്റ്റോറിൽ ഇപ്പോൾ ഹിഡൻ ക്യാമറ ഡിക്ടറ്റർ ആപ്പുകൾ ലഭ്യമാണ്. ഐഓഎസ് ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇത് സെറ്റ് ചെയ്യാം.

വയര്‍ലെസ് ക്യാമറ ഡിറ്റക്റ്റര്‍

ഓണ്‍ലൈനില്‍ നിന്നോ ഇലക്ട്രോണിക് സ്റ്റോറുകളില്‍ നിന്നോ ഇവ വാങ്ങാന്‍ കിട്ടും. ഇവ ഉപയോഗിച്ച് മുറിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ക്യാമറ കണ്ടെത്താം.

സെല്‍ഫോണ്‍ ഉപയോഗിക്കാം

സ്പീക്കറുകള്‍ക്കടുത്തൊക്കെ നിന്ന് സംസാരിക്കുമ്പോള്‍ മൂളല്‍ പോലെ ഫോണില്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കാറില്ലേ. ഇതേ വിദ്യ ഇവിടെയും പ്രായോഗികമാണ്. ക്യാമറ ഉള്ളിടത്ത് ശക്തമായ വൈദ്യുതകാന്തികമണ്ഡലം (electromagnetic field) കാണും. ഇങ്ങനെയുള്ളിടത്തു നിന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ ഇതേ രീതിയിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

ശ്രദ്ധിക്കുക പോവുന്നിടത്തെല്ലാം നിങ്ങളെ പിന്തുടരാനും സ്വകാര്യതയിലേയ്ക്ക് ഒളിഞ്ഞു നോക്കാനും എവിടെയും ക്യാമറക്കണ്ണുകള്‍ പതിയിരിക്കുന്നുണ്ടാവാം. അപരിചിതമായ സ്ഥലങ്ങളില്‍ പോകുമ്പോള്‍ കുറച്ചു കൂടുതല്‍ ശ്രദ്ധിക്കുക.

സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷയും നിയമവും അറിയാം

1. സൈബർ മാധ്യമങ്ങൾ ഉപയോഗിച്ചു രാജ്യത്തിനെതിരെ പോരാടുക, ദേശവിരുദ്ധ പ്രചാരണം നടത്തുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക തുടങ്ങിയ കുറ്റങ്ങൾക്കു ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന വിവിധ ശിക്ഷകൾക്കു പുറമേ, ഐടി നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്കു വകുപ്പുണ്ട്.

2. ഒരു വ്യക്തിയെയൊ സ്ഥാപനത്തേയൊ വഞ്ചിക്കാൻ സൈബർ വിവരങ്ങൾ, ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ തടവു ശിക്ഷ മൂന്നു വർഷം വരെ ലഭിക്കും. കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം.

3. ഒരാളുടെ വിലപ്പെട്ട വിവരങ്ങൾ, രേഖകൾ എന്നിവ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അയാളുടെ കംപ്യൂട്ടർ, സ്മാർട്ട് ഫോൺ, ടാബ് എന്നിവ നശിപ്പിച്ചാൽ കോടതിക്ക് ഒരുകോടി രൂപവരെ പിഴ ചുമത്താൻ പുതുക്കിയ ഐടി നിയമത്തിൽ വകുപ്പുണ്ട്.

4. അധികാരികളെ അറിയിക്കാതെ ഔദ്യോഗിക രേഖകൾ സൈബർ മാർഗത്തിലൂടെ ചോർത്തുന്നതിനുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയുമാണ്.

5. മോഷ്ടിച്ചെടുത്ത മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്കും മൂന്നു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാം (ഇത്തരം ഉപകരണങ്ങൾ അറിയാതെ ഉപയോഗിക്കുന്നവരും കേസിൽ കുടുങ്ങുമെന്ന ബലഹീനത ഈ നിയമത്തിനുണ്ട്).

6. ഇ–മെയിൽ, സോഷ്യൽ മീഡിയ, ഡോക്കുമെന്റ് എന്നിവയുടെ പാസ്‌വേ‍‍ഡുകൾ ചോർത്തി ദുരുപയോഗിക്കുന്നവർക്കുള്ള ശിക്ഷ മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ്.

7. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി അതു പ്രചരിപ്പിക്കുന്നവർക്കു മൂന്നു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ചുമത്താം.

8. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും. ഇതേ കുറ്റത്തിന് ഇരയാവുന്നതു കുട്ടികളാണെങ്കിൽ തടവുശിക്ഷ ഏഴു വർഷം വരെ വർധിക്കും.

9.സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആൾമാറാട്ടം നടത്തിയാലും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

10.ഒരാളുടെ സമ്മതമില്ലാതെ അയാളുടെ ചിത്രം, ഫോൺ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ മറ്റൊരാൾക്കു സൈബർ മാധ്യമങ്ങളിലൂടെ കൈമാറുന്നതു പോലും പുതിയ വിവരസാങ്കേതിക നിയമത്തിന്റെ പരിധിയിൽ കുറ്റകൃത്യമാണ്.