ഡെങ്കിപ്പനി: എന്തുകൊണ്ട്, എങ്ങനെ നേരിടാം?

സാധാരണ വൈറല്‍പനി പിടിപെടുമ്പോള്‍ ഉണ്ടാകാറുള്ള ലക്ഷണങ്ങള്‍ ഡെങ്കിപ്പനിയിലും കാണുന്നു. എന്നാല്‍, മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി ഡെങ്കിപ്പനി പിടിപെട്ടാല്‍ രോഗിക്ക് അതികഠിനമായ ശരീരവേദന ഉണ്ടാകാം.

ഏറ്റവും സൂക്ഷിക്കേണ്ട പകര്‍ച്ചപ്പനികളില്‍ ഒന്നാണ് ഡെങ്കിപ്പനി. മാരകമാകാന്‍ സാധ്യതയുള്ളതിനാലും ഇതിനെതിരേ പ്രത്യേക മരുന്നുകളോ പ്രതിരോധ കുത്തിവയ്പുകളോ ഇല്ലാത്തതിനാലും ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ അതീവജാഗ്രത ആവശ്യമാണ്.

എന്താണ് ഡെങ്കിപ്പനി?
ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗത്തിലുള്ള രോഗാണുവാഹകരായ കൊതുകുകള്‍ ഒരാളെ കടിക്കുമ്പോഴാണ് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ അയാളുടെ ഉള്ളിലെത്തുന്നത്. രോഗിയുടെ രക്തം കുടിക്കുമ്പോള്‍ വൈറസ് കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥികളില്‍ എത്തുന്നു. മറ്റൊരാളെ ആ കൊതുക് കുത്തുമ്പോള്‍ വൈറസ് അയാളിലേക്ക് പകരുന്നു. ഫ്‌ളേവി വിഭാഗത്തിലുള്ള ആര്‍ബോ വൈറസകള്‍ ബാധിക്കുമ്പോഴാണ് ഡെങ്കിപ്പനി പിടിപെടുന്നത്.

ലക്ഷണങ്ങള്‍
ഡെങ്കിപ്പനിക്കു കാരണമായ വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം. സാധാരണ വൈറല്‍പനി പിടിപെടുമ്പോള്‍ ഉണ്ടാകാറുള്ള ലക്ഷണങ്ങള്‍ ഡെങ്കിപ്പനിയിലും കാണുന്നു. എന്നാല്‍, മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി ഡെങ്കിപ്പനി പിടിപെട്ടാല്‍ രോഗിക്ക് അതികഠിനമായ ശരീരവേദന ഉണ്ടാകാം. രോഗം സങ്കീര്‍ണമായാല്‍ രക്തസമ്മര്‍ദം താഴുക, അതികഠിനമായ ക്ഷീണം, വയറുവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാം. മാനസിക നില തെറ്റുക, സന്നി, വിറയല്‍, ചൊറിച്ചില്‍, ഹൃദയമിടിപ്പ് കുറയുക, മൂത്രം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.

ചികിത്സ എങ്ങനെ?
ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നുകളില്ല. വൈറസ് പരത്തുന്ന രോഗമായതിനാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാറില്ല. രോഗലക്ഷണങ്ങളും രോഗതീവ്രതയും കണക്കാക്കി ഉചിതമായ ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.

രോഗതീവ്രതയ്ക്ക് അനുസരിച്ച് രോഗികളെ മൂന്ന് വിഭാഗങ്ങളായി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ത്തന്നെ പരിചരിക്കാവുന്ന അവസ്ഥയിലുള്ളവരാണ് ആദ്യ വിഭാഗം. ഇവര്‍ക്ക് പൂര്‍ണവിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം. എന്നിട്ടും ലക്ഷണങ്ങള്‍ ഒട്ടും കുറയുന്നില്ലെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.
പനിയോടൊപ്പം ഛര്‍ദിയും രക്തസ്രാവലക്ഷണവും ഉള്ളവരാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. രോഗലക്ഷണങ്ങളുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായംകൂടിയവര്‍, പ്രമേഹബാധിതര്‍ എന്നിവരെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പനിയോടൊപ്പം ഗുരുതര രക്തസ്രാവം, ബി.പി. വല്ലാതെ കുറയുക, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക എന്നീ അവസ്ഥയിലുള്ളവരെയാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നത്. അടിയന്തരചികിത്സ ആവശ്യമായ വിഭാഗമാണിത്.

ഒരിക്കല്‍ ഡെങ്കിപ്പനി പിടിപെട്ട ഒരാള്‍ക്ക് വീണ്ടും ഈ രോഗം വന്നാല്‍ അത് സങ്കീര്‍ണമാകാനുള്ള സാധ്യത കൂടുതലാണ്. ജനിതകഘടനയനുസരിച്ച് ഡെങ്കി വൈറസിന് നാല് ഉപവിഭാഗങ്ങളുണ്ട്. അതിനാല്‍ രണ്ടാമത് വന്ന ഡെങ്കിപ്പനിക്കു കാരണം, ആദ്യ തവണ ബാധിച്ച വൈറസ് തന്നെയാവണമെന്നില്ല വീണ്ടും ബാധിക്കുന്നത്. രണ്ടാം തവണയും ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ അത് ഗുരുതരമാകന്‍ സാധ്യത കൂടുതലാണ്. ഡെങ്കി ഹെമറാജിക് ഫീവര്‍, ഡെങ്കി ഷോക് സിന്‍ഡ്രോം, തലച്ചോറിനെയും ഹൃദയത്തെയും പ്രതികൂലമായി ബാധിക്കുന്ന ഡെങ്കി എന്‍സഫലൈറ്റിസ്, ഡെങ്കി മയോ കാര്‍ഡൈറ്റിസ് എന്നിവ മരണത്തിന് കാരണമാകാം.

പ്രതിരോധ മാര്‍ഗങ്ങള്‍
ഡെങ്കിപ്പനിക്ക് പ്രതിരോധ കുത്തിവയ്പ്പുകളില്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം.
ഈഡിസ് കൊതുകുകള്‍ വീട്ടിനുള്ളിലും പരിസരത്തും വളരാം. തെളിഞ്ഞവെള്ളത്തിലാണ് ഇവ മുട്ടയിടുന്നത്. കെട്ടിനില്‍ക്കുന്ന തീരെ ചെറിയ അളവിലുള്ള വെള്ളത്തില്‍പ്പോലും കൊതുകുകള്‍ മുട്ടയിട്ടുവളരാനിടയുണ്ട്. അതിനാല്‍ വീടിനുള്ളിലും മുറ്റത്തും പുരയിടങ്ങളിലും ഒന്നും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശദ്ധിക്കണം.

വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞുകളഞ്ഞ പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ, വള്ളം കെട്ടിനില്‍ക്കാതെ കമിഴ്ത്തിവയ്ക്കുകയോ ചെയ്യുക. റബ്ബര്‍മരങ്ങളില്‍ വച്ചിട്ടുള്ള ചിരട്ടകളിലും കവുങ്ങിന്‍തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ കെട്ടിനില്‍ക്കുന്ന വള്ളത്തിലും ഇവ മുട്ടയിടാം. അതിനാല്‍ തോട്ടങ്ങളില്‍ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളില്‍ വൃത്തിയാക്കുക. വെള്ളം പിടിച്ച് സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ മൂടി വയ്ക്കുക.
പകല്‍സമയത്ത് കടിക്കുന്ന കൊതുകുകളാണ് ഈഡിസ് കൊതുകുകള്‍. അതിനാല്‍ പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊതുക് കടിക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന തരത്തിലുള്ള സ്ത്രങ്ങള്‍ ധരിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല, കൊതുക് തിരി, ചര്‍മത്തില്‍ പുരട്ടുന്ന ലേപനങ്ങള്‍ ഇവ ഉപയോഗിക്കുക. ഡെങ്കിപ്പനിയുള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി, സുഖം പ്രാപിക്കുന്നതുവരെ കൊതുകുവല ഉപയോഗിക്കുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രധാനമാണെന്ന് ഓര്‍ക്കുക.

പനി വന്നാല്‍ തുടക്കത്തില്‍ വൈദ്യസഹായം തേടുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകഴിക്കുകയും വിശ്രമിക്കുകയും വേണം. പനിയുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കുക. പനി ഭേദമായ ശേഷമേ മറ്റു ജോലികള്‍ ചെയ്യാവൂ.