ഡെങ്കിപ്പനി : ജാഗ്രത നിർദേശം

DENGUE
ഇടവിട്ടുള്ള വേനല്‍മഴയുടെയും കുടിവെള്ള ദൌര്‍ലഭ്യത്തിന്റെയും സാഹചര്യത്തില്‍ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനു പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാഭായി അറിയിച്ചു.

വീടുകളില്‍ ദിവസങ്ങളോളം കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതും വീടിന്റെ സണ്‍ഷേഡിലും പരിസരപ്രദേശങ്ങളിലും ഇടവിട്ടുള്ള മഴമൂലം ചെറുപാത്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുകു വളരാന്‍ ഇടയാകും. ചെറുപാത്രങ്ങള്‍, ചിരട്ട, ടയര്‍, കളിപ്പാട്ടങ്ങള്‍ മുതലായവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകിനെ നശിപ്പിക്കാനാകും.

കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നവര്‍ പാത്രങ്ങളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം അടച്ചുസൂക്ഷിക്കണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരം പാത്രങ്ങള്‍ നന്നായി കഴുകി ഉണക്കണം. കൂടാതെ വീടിന്റെ പരിസരപ്രദേശങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ ഒഴുക്കിക്കളയണം.