ഡോക്ടര്‍മാർ കണ്ടെത്തി, മരണത്തിനു ശേഷവും ജീവനുണ്ട്, തെളിവുമായി ശാസ്ത്രലോകം

ഒരു നീണ്ട ഉറക്കമാണോ മരണം. മരണശേഷം ജീവനെന്ത് സംഭവിക്കും? മരണാനന്തര ജീവിതം സത്യമാണോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയ കാലം മുതല്‍ക്കു തന്നെ മനുഷ്യര്‍ക്കുണ്ട്. ഇതുവരെ വ്യക്തമായ ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളില്‍ പലതിനും ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍. മരണശേഷവും മിനിറ്റുകളോളം മനുഷ്യന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇവരുടെ കണ്ടെത്തല്‍.

ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച ശേഷവും ഒരു രോഗിയുടെ തലച്ചോറ് പത്ത് മിനിറ്റോളം സ്വാഭാവികമായി പ്രവര്‍ത്തിച്ചതാണ് പുതിയ നിഗമനങ്ങള്‍ക്ക് വഴിമരുന്നിടുന്നത്. ഗാഢനിദ്രയില്‍ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങള്‍ക്ക് സമാനമായിരുന്നു ‘മരണ’ശേഷം നിരീക്ഷിക്കപ്പെട്ട തരംഗങ്ങളും. കാനഡയിലെ ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന കണ്ടെത്തലിന് പിന്നിലുള്ളത്.

കാനഡയിലെ വെസ്റ്റേണ്‍ ഒന്‍ടാരിയോ സര്‍വകലാശാലയിലുള്ളവരാണ് ഗവേഷണത്തിന് പിന്നില്‍. ക്ലിനിക്കലി ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച രോഗികളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇത്തരം രോഗികളുടെ തലച്ചോറിലെ തരംഗങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ചെയ്തത്. നാലില്‍ മൂന്ന് മനുഷ്യരിലും ഹൃദയം നിലച്ചതിനൊപ്പം തലച്ചോറും പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ നാലാമത്തെ രോഗിയുടെ തലച്ചോര്‍ ഹൃദയത്തിനൊപ്പം നിലച്ചില്ലെന്ന് മാത്രമല്ല പത്ത് മിനിറ്റോളം സാധാരണ പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷനിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ നിരീക്ഷിച്ച നാല് പേരുടേയും മരണസമയത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം നാല് രീതിയിലായിരുന്നു. ഇത് കാണിക്കുന്നത് ഓരോ മനുഷ്യരുടേയും മരണം വ്യത്യസ്തമായിരിക്കുമെന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ ഡോക്ടര്‍മാര്‍ ക്ലിനിക്കലി മരണം വിധിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി എടുക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പൂര്‍ണ്ണമായ അര്‍ഥത്തില്‍ മരിച്ചിട്ടില്ലാത്ത ഈ ശരീരങ്ങളില്‍ നിന്നും അവയവങ്ങളെടുക്കുന്നതാണ് എതിര്‍ക്കപ്പെടുന്നത്. ഹൃദയാഘാതം സംഭവിച്ച അഞ്ചിലൊരാള്‍ക്ക് വിചിത്ര മരണാനുഭവങ്ങളുണ്ടാകാറുണ്ട്. ഇതും ചേര്‍ത്തുവായിക്കേണ്ടതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

2013ല്‍ ഒരുകൂട്ടം എലികളില്‍ പരീക്ഷണം നടത്തുമ്പോള്‍ സമാനമായ അനുഭവം ഗവേഷകര്‍ക്കുണ്ടായിരുന്നു. അന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച ശേഷവും എലികളുടെ തലച്ചോര്‍ മരിച്ചില്ല. ഹൃദയമിടിപ്പ് നിലച്ച് ഒരു മിനിറ്റിനുള്ളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഉച്ഛസ്ഥായിയില്‍ എത്തിയെന്നും രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഇതെല്ലാം മരണത്തിന് തൊട്ട് മുൻപുള്ള തലച്ചോറിന്റെ മായക്കാഴ്ച്ചകള്‍ മാത്രമാണെന്നും കരുതുന്നവരുമുണ്ട്.