ഡോ. പ്രമീള ദേവി

പ്രശസ്ത കവയത്രിയും കേരള വനിത കമ്മീഷൻ മുൻ അംഗവും ശബരിമല കർമസമിതി ദേശീയ സെക്രട്ടറിയും തപസ്യ കലാസാംസ്കാരിക സംഘടനയുടെ വൈസ്‌ പ്രസിഡന്‍റുമായ ഡോ. പ്രമീള ദേവി

വാഴൂർ എസ്‌ വി ആർ എൻ എസ്‌ എസ്‌ കോളജിലെ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയായിരുന്ന ഡോ. പ്രമീള ദേവി മികച്ച പ്രാസംഗികയും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സമാധാനം തുടങ്ങി ഒട്ടനേകം സാമൂഹ്യപ്രവർത്തനങ്ങളിൽ അഗ്രഗണ്യയുമാണ്‌‌. നേരാഴം, നിഷാദം, രാമേശ്വരം കടൽ, വാടകവീട്ടിലെ സന്ധ്യ, നാടകാന്തം, അവിടുത്തെ ഹിതം എന്നീ ആറ്‌ മലയാള കവിത സമാഹാരങ്ങൾ, അൻപത്തഞ്ച്‌ വിശ്വസാഹിത്യകൃതികളുടെ പരിഭാഷകൾ, മൂന്ന് ഇംഗ്ലീഷ് കവിത സമാഹാരങ്ങൾ‌, അഞ്ച്‌ പഠനഗ്രന്ഥങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്‌. പ്രകൃതിയും മനുഷ്യനുമായുള്ള അഭേദ്യവും പരസ്പരപൂരകവുമായ ബന്ധവും മനുഷ്യമനസിന്‍റെ വൈവിധ്യപൂർണമായ മാനങ്ങളുമെല്ലാം പ്രമീള ദേവിയുടെ രചനകളിൽ പ്രകടമാണ്‌. 

സമസ്തകേരള പരിഷത്ത്‌, കേരള സാഹിത്യ അക്കാദമി യുവകവി, മഹാകവി കുട്ടമത്ത്‌ അവാർഡ്‌, പൂന്താനം അവാർഡ്‌, വെണ്മണി സാഹിത്യ അവാർഡ്‌ എന്നിങ്ങനെ സാഹിത്യത്തിൽ പന്ത്രണ്ടും‌ സാമൂഹ്യസേവനത്തിൽ ഏഴും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഐക്യരാഷ്ട്രസഭയുടെ സമാധാന പുനഃസ്ഥാപന സമിതിയിൽ അംഗം, യു ജി സി യുടെ ആദ്യ സ്ത്രീ ശാക്തീകരണ പരിശീലക, ഇംഗ്ലീഷ് സാഹിത്യത്തിൽ റിസർച്ച്‌ ഗൈഡ്‌ എന്നീ നിലകളിലും പ്രശസ്തയാണ്‌.