ഡോ. രാജൻ ബാബുവിന്റെ ഓര്‍മകള്‍ക്ക് ഒരുവയസ്സ്

മുണ്ടക്കയം ∙ ആതുരസേവനത്തിനൊപ്പം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന പീപ്പിൾസ് ആശുപത്രി ഉടമ ഡോ. രാജൻ ബാബുവിന്റെ ഓർമയ്ക്ക് ഒരുവയസ്സ്. ഡോ. രാജൻ ബാബു മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടത്തും. മൂന്നു പതിറ്റാണ്ടുകൾ മലയോര മേഖലയിൽ ആതുരസേവനത്തിലും സാമൂഹിക രംഗത്തും സ്തുത്യർഹമായ സേവനം നൽകിയാണ് ഡോ. രാജൻ ബാബു വിടവാങ്ങിയത്.

കോട്ടയം മെഡിക്കൽ കോളജിൽ ഫിസിഷ്യനായി സേവനമുഷ്ഠിച്ചശേഷം തന്റെ നാട്ടിൽ തന്നെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ സേവനം ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് 1985ൽ മുണ്ടക്കയം കേന്ദ്രീകരിച്ച് ഗവ. ആശുപത്രി കവലയിൽ ഡോ. രാജൻ ബാബു പീപ്പിൾസ് ക്ലിനിക് ആരംഭിച്ചത്. തുടർന്നു ഗ്യാലക്സി തിയറ്ററിനു സമീപം ആശുപത്രി നിർമിക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ മലയോരമേഖലയിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു പീപ്പിൾസ് സ്വകാര്യ ആശുപത്രി. ഭാര്യ ഡോ. ജയകുമാരിയുടെയും സേവനത്തോടെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നത്.

അറിവുകളുടെ അനന്തമായ ഉറവിടമായിരുന്ന ഡോ. രാജൻ ബാബു ഒരു വാഗ്മിയും ആയിരുന്നു. അറിവ് നേടാൻ ഏറെ കൊതിച്ചിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു മുറി ലൈബ്രറിയായി ഒരുക്കിയിരുന്നു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ച അദ്ദേഹം ജീവിതത്തിലാവാഹിച്ച അറിവുകൾ വാക്കുകളിലൂടെ ജനങ്ങൾക്കു ശക്തി പകർന്നു. മേഖലയിലെ പൊതുപരിപാടികളിൽ മുഖ്യപ്രഭാഷകന്റെ സ്ഥാനം രാജൻ ബാബുവിനായിരുന്നു.

ഡോക്ടർ എന്നതിനുപരിയായി ഒപ്പം ഒളിമങ്ങാതെ കാത്തുസൂക്ഷിച്ച കലാഹൃദയവും രാജൻ ബാബുവിനെ വ്യത്യസ്ഥനാക്കി. ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനങ്ങളും ഗസലുകളും സംഗീതസാന്ദ്രമായി നെഞ്ചോടുചേർത്ത ഇദ്ദേഹം ഒരു ഗായകനുമായിരുന്നു. ഡോ. രാജൻ ബാബു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.

വൈകിട്ടു നാലിനു ബസ് സ്റ്റാൻഡിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.ജെ. തോമസ് നിർവഹിക്കും. സണ്ണി എം. കപിക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് പി.പി. ജോഷി അധ്യക്ഷത വഹിക്കും. അംഗത്വ വിതരണ ഉദ്ഘാടനം ജോഷി മംഗലം നിർവഹിക്കും. മെഡിക്കൽ ക്യാംപുകൾ, നിർധന കുടുംബങ്ങളെ സഹായിക്കൽ, ലൈബ്രറി നവീകരണം തുടങ്ങിയ അനവധി കർമപദ്ധതികളാണ് കഴിഞ്ഞ വർഷം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാടിനു നൽകിയത്.