ഡ്രൈവിംഗ് ലൈസന്‍സ് ഇനി മൊബൈലില്‍; ഡിജിലോക്കര്‍ അംഗീകരിച്ച് വിജ്ഞാപനമിറങ്ങി

ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സിന്റേയും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുമുള്‍പ്പെടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുന്നുവെന്നതാണ് വിജ്ഞാപനത്തിന്റെ പ്രത്യേകത.

ഐടി നിയമ പ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഒറിജിനല്‍ രേഖകള്‍ക്കു തുല്യമായി കണക്കാക്കാവുന്നതാണ്. രാജ്യ വ്യാപകമായി നടപ്പാക്കുന്ന നിയമം ആദ്യം ഏറ്റെടുത്തത് ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയില്‍ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ആധാര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. ശേഷം ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് പോലീസോ മറ്റേതെങ്കിലും അധികാരികളോ ആവശ്യപ്പെടുന്ന പക്ഷം ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാകും.

ഉപയോക്താക്കള്‍ നല്‍കുന്ന ക്യൂ.ആര്‍. കോഡില്‍ നിന്നാവും അധികാരികള്‍ വിവരങ്ങള്‍ ശേഖരിക്കുക. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം സര്‍ക്കാരിന്റെ തന്നെ ‘വാഹന്‍’, ‘സാരഥി’ എന്നീ ഡാറ്റാ ബേസുകള്‍ ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ക്ക് കഴിയും.