ഡ്രൈവർമാരില്ല: കെഎസ്ആർടിസി സർവീസുകൾ അനിശ്ചിതത്വത്തിൽ

പൊൻകുന്നം ∙ ഡ്രൈവർമാരില്ലാത്തതിനാൽ പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളുടെ സർവീസ് പ്രതിസന്ധിയിൽ. ഡിപ്പോയിൽ നിന്നുള്ള 42 സർവീസുകൾക്കായി വേണ്ടത് 100 ഡ്രൈവർമാരാണ്. എന്നാൽ 81 പേർ മാത്രമേ ഡിപ്പോയിലുള്ളൂ. അടുത്തിടെ അഞ്ചുപേർ വിരമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

നിലവിലുള്ള 81 പേരിൽ മൂന്നു പേർ മെഡിക്കൽ ലീവിലുമാണ്. ജീവനക്കാരുടെ അഭാവം സർവീസ് മുടക്കത്തിലേക്കു വരെ എത്തിയിരിക്കുകയാണ്. അവശ്യ സർവീസ് സർവീസുകൾ മാത്രം നടത്തുന്നതിലേക്ക് എത്തുന്നതോടെ ഗ്രാമാന്തരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.

∙ എരുമേലി-പാലാ ചെയിൻ സർവീസും അനിശ്ചിതത്വത്തിൽ. മുണ്ടക്കയം-പാലാ ചെയിൻ സർവീസിനു പിന്നാലെ രണ്ടു ബസുകളുമായി തുടങ്ങിയ എരുമേലി-പാലാ ചെയിൻ സർവീസും ഡ്രൈവർമാരുടെ അഭാവത്തിൽ പ്രതിസന്ധിയിലാണ്. ഏറെ ലാഭകരമായി പോകുന്ന സർവീസ് കാര്യക്ഷമമാക്കാൻ കൂടുതൽ സർവീസുകൾ വേണമെന്നു ജീവനക്കാർ പറയുന്നു. മുണ്ടക്കയം–പാലാ ചെയിൻ സർവീസ് കൂടുതൽ ലാഭകരമാക്കുന്നതിന്റെ ഭാഗമായാണ് എരുമേലി–പാലാ ചെയിൻ സർവീസ് തുടങ്ങിയത്.

∙ പുതിയ നിയമനം ഇല്ല. പുതിയ നിയമനം നടക്കാതെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ലെന്ന് അധികൃതർ പറയുമ്പോൾ പുതിയ നിയമനം ഉടനെങ്ങും നടക്കില്ലെന്നാണറിവ്. പഴയ ലിസ്റ്റിൽ നിന്നുള്ള ഡ്രൈവർമാരുടെ നിയമനം കഴിഞ്ഞയിടെയാണ് പൂർത്തിയായത്.