തകർന്നു വീണ ഖരമാലിന്യ സംംസ്കരണ പ്ലാന്റിന് സമീപം ടൺ കണക്കിന് മാലിന്യം കുന്നുകൂടി

എരുമേലി∙ രണ്ട് വർഷം മുൻപ് തകർന്നു വീണ ഖരമാലിന്യ സംംസ്കരണ പ്ലാന്റിന് സമീപം ടൺ കണക്കിന് മാലിന്യം കുന്നുകൂടി. മാലിന്യ സംസ്കരണത്തിൽ ഉണ്ടാവുന്ന വീഴ്ച പ്രളയാനന്തര പശ്ചാത്തലത്തിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക. എരുമേലി പൊലീസ് സ്റ്റേഷൻ – കൊടിത്തോട്ടം റോഡിന് സമീപം പ്രവർത്തിച്ചിരുന്ന ഇൻസിനറേറ്ററിന്റെ ചുറ്റുവട്ടത്താണ് മലപോലെ മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ഖരമാലിന്യത്തോടൊപ്പം ജൈവമാലിന്യവും കത്തിച്ചതാണ് പ്ലാന്റ് തകർച്ചയ്ക്ക് ഇടയാക്കിയത്.

പ്ലാന്റ് തകർന്നുവീണ ശേഷവും ഇവിടേക്ക് മാലിന്യം എത്തിച്ചുകൊണ്ടിരുന്നതാണ് പ്രശ്നമായത്. കത്തിച്ചു കളയാത്തതിനാൽ കുമിഞ്ഞു കൂടുകയായിരുന്നു. ശബരിമല സീസണിലും തുടർന്നും എരുമേലി, മുക്കൂട്ടുതറ പട്ടണങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നു. കൊടിത്തോട്ടം പ്രദേശത്തുള്ളവർ ഇതുവഴി മൂക്കു പൊത്തിയാണ് നടക്കുന്നത്. മാലിന്യം കിടക്കുന്നത് കുന്നിൻമുകളിലായതിനാൽ ഇവയിലെ മലിനാംശം പെരുമഴയിൽ എരുമേലിയിലേക്ക് ഒഴുകി എത്തിയിരിക്കാമെന്നും സംശയമുണ്ട്. മാലിന്യം കുന്നുകൂടി ചുറ്റും കിടക്കുന്നതിനാൽ സമീപത്തെ മരങ്ങൾ ഉണങ്ങിയിരിക്കുന്നതും കാണാം.

∙മാലിന്യ സംസ്കരണത്തിന് കവുങ്ങുംകുഴിയിൽ സംവിധാനം ഒരുങ്ങുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ പറഞ്ഞു. ഇതിനു പുറമെ പൊലീസ് സ്റ്റേഷൻ–കൊടിത്തോട്ടം റോഡിലെ ഇൻസിനറേറ്റർ പുതുക്കിപ്പണിയാനും എൽപിജി ഉപയോഗിച്ച് മാലിന്യം കത്തിച്ചുകളയാനും പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.