തകർന്ന റോഡിലെ കുഴികൾ ശ്രമദാനത്തിലൂടെ മൂടി ഓട്ടോ ഡ്രൈവർമാർ

കാഞ്ഞിരപ്പള്ളി ∙ ടാറിങ് തകർന്നു യാത്ര ദുരിതപൂർണമായ കാഞ്ഞിരപ്പള്ളി – മണിമല റോഡിലെ കുഴികൾ ഓട്ടോറിക്ഷ തൊഴിലാളികൾ മക്കിട്ടു നികത്തി. കുരിശുങ്കൽ മുതൽ മണ്ണാറക്കയം വരെയുള്ള 2 കിലോമീറ്റർ ഭാഗത്താണ് മണ്ണാറക്കയത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ശ്രമദാനത്തിലൂടെ മെറ്റലും മണ്ണും നിറച്ചു കുഴികൾ മൂടിയത്. ഇതുവഴി പതിവുയാത്ര പോകുന്ന ഓട്ടോറിക്ഷകൾക്കു ദിനംപ്രതി അറ്റകുറ്റപ്പണികൾ ഉണ്ടായതിനെ തുടർന്നാണ് റോഡിന്റെ ശോച്യാവസ്ഥ താൽക്കാലികമായി പരിഹരിക്കാൻ ഓട്ടോ ഡ്രൈവർമാർ മുന്നിട്ടിറങ്ങിയത്.

മണ്ണാറക്കയം, അഞ്ചിലിപ്പ, കത്തലാങ്കൽപടി എന്നിവിടങ്ങളിലാണ് ടാറിങ് പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടത്. റോഡ് റീടാർ ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും മഴ കാരണമാണു ടാറിങ് ജോലികൾ ആരംഭിക്കാത്തതെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു. എന്നാൽ, പൊതുമരാമത്തും ജനപ്രതിനിധികളും ഇതു പറയാൻ തുടങ്ങിയിട്ടു നാളുകളായെന്നും റീടാറിങ് ജോലികൾ തുടങ്ങാത്ത സാഹചര്യത്തിലാണു റോഡിലെ കുഴികളടയ്ക്കാൻ തീരുമാനിച്ചതെന്നും ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.