തടി പിടിക്കുന്നതിനിടെ ഇളങ്ങുളതു ആന ഇടഞ്ഞു; മയക്കുവെടി വച്ചു തളച്ചു

ഇളങ്ങുളം: തടി പിടിക്കുന്നതിനിടെ ഒറ്റക്കൊമ്പന്‍ ഇടഞ്ഞു. ഇളങ്ങുളം ഒട്ടയ്ക്കല്‍ ഇരുപ്പക്കാട്ട് പുരയിടത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അയര്‍ക്കുന്നം അയ്യപ്പന്‍കുട്ടി എന്ന ആനയാണ് തടി വലിക്കുന്നതിനിടെ ഇടഞ്ഞ് പുരയിടത്തിലൂടെ തലങ്ങും വിലങ്ങും ഓടിയത്.

വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയം എലിഫന്റ് സ്‌ക്വാഡിലെ ഡോ. സാബു സി. ഐസക്കിന്റെ നേതൃത്വത്തില്‍ സംഘം ആനയെ മയക്കുവെടി വച്ചു തളച്ചു. പുരയിടത്തിന്റെ പുറത്തേയ്ക്ക് ആന ഓടാതിരുന്നതുമൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.നീരില്‍ തളച്ചിരുന്ന ആനയെ മൂന്നു മാസം മുമ്പാണ് അഴിച്ചത്. അയര്‍ക്കുന്നം സ്വദേശിയുടേതാണ് ആന.