തദ്ദേശ സ്ഥാപനങ്ങളിലെ ടെണ്ടറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിക്കും

കാഞ്ഞിരപ്പള്ളി : കരാര്‍ ജോലിക്ക് 18 ശതമാനം ജി. എസ്. ടി. ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തദ്ദേശസ്വയം ഭരണ വകുപ്പിലെ കരാറുകാര്‍ ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കും. ഇതുമൂലം കരാറുകാര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തണമെന്നും കരാര്‍ ജോലികള്‍ക്ക് നിലവിലുണ്ടായിരുന്ന കോമ്പൗണ്ടിങ് സമ്പ്രദായം നിലര്‍ത്തണമെന്നും എല്‍. എസ്. ജി. ഡി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ റീടാറിങ് രീതികള്‍ പുനഃപരിശോധിക്കുക, കരാറുകാര്‍ക്കുള്ള കുടിശിക തീര്‍ത്ത് നല്‍കുക, ഫണ്ടില്ലാത്ത ജോലികള്‍ക്ക് ടെണ്ടര്‍ വിളിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡന്റ് കെ. എ. സാജിദ്, സെക്രട്ടറി മനോജ് മണിമല, ട്രഷറര്‍ തങ്കച്ചന്‍ കൂട്ടിക്കല്‍, വൈസ് പ്രസിഡന്റ് ഷാജി, ജോയിന്റ് സെക്രട്ടറി അജേഷ് എന്നിവര്‍ പ്രസംഗിച്ചു.