തളര്‍ന്നുകിടക്കുന്ന മകള്‍ക്ക് കാവലായി നാലുപതിറ്റാണ്ട്‌ , ഇതാണ് യഥാർത്ഥ സ്നേഹം

real love

ഒന്ന് അടി തെറ്റി വീണു പോയാൽ കൂടെ നിൽക്കുന്നവർ ബാധ്യത ഒഴിവാക്കുവാൻ വേണ്ടി അവയവ ദാനം എപ്പോൾ നടത്താം എന്ന് ചിന്തിക്കുന്ന ഇക്കാലത്ത് ഇതാ വേറിട്ടൊരു സ്നേഹം ..

നാല്‍പ്പതുവര്‍ഷത്തിലേറെയായി, തളര്‍ന്നുകിടപ്പിലായ മകള്‍ക്ക് അവര്‍ കാവലിരിക്കാന്‍ തുടങ്ങിയിട്ട്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ പെട്ടിക്കവലയില്‍ ചിറ്റടിയാന്‍ ജോസഫും ഭാര്യ അന്നക്കുട്ടിയും.

പ്രതിമാസം മകള്‍ മിനിക്ക് മരുന്നിനുമാത്രം രണ്ടായിരം രൂപയോളം വേണം. വികലാംഗ പെന്‍ഷനായി ലഭിക്കുന്ന തുക മാസം നാനൂറ് രൂപ മാത്രം. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അലട്ടുന്നതിനിടെ ജീവിതം തള്ളിനീക്കാനാകാതെ വിഷമിക്കുകയാണ് ഈ കുടുംബം.

1969 ഡിസംബര്‍ 30-നായിരുന്നു മിനിയുടെ ജനനം. 11 മാസം കഴിഞ്ഞപ്പോഴുണ്ടായ പനി അവരെ നിത്യരോഗിയാക്കി. ശരീരത്തിന് അനുഭവപ്പെട്ട ബലക്ഷയം മൂന്ന് വയസ്സായപ്പോഴേക്കും മിനിയെ കിടപ്പിലാക്കി. പല ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലംകണ്ടില്ല. ഈ ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും കൂടിയുണ്ട്. എല്ലാവരും കൂലിപ്പണിക്കാര്‍. ഇളയമകന് വാഹനാപകടത്തില്‍ പരിക്കേറ്റ് ജോലിചെയ്യാന്‍ പറ്റാതായിട്ട് കുറേക്കാലമായി. തളര്‍ന്ന സഹോദരിയേയും രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്ന അച്ഛനേയും അമ്മയേയും പരിചരിക്കാന്‍ ഒരുമക്കള്‍ക്കും കഴിയാത്ത സ്ഥിതിയാണ്.

തങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് ഒരു കൈത്താങ്ങാകാന്‍ മനുഷ്യസ്‌നേഹികള്‍ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.