തിടനാട് പഞ്ചായത്തിൽ ഇന്ന് അവിശ്വാസ ചർച്ച

തിടനാട്∙ പഞ്ചായത്തു പ്രസിഡന്റ് കേരള കോൺഗ്രസിലെ (എം) മിനി സാവിയോ, വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ബിനോ മുളങ്ങാശേരി എന്നിവർക്കെതിരെ ജനപക്ഷവും കോൺഗ്രസിലെ എ ഗ്രൂപ്പും സിപിഐയും ചേർന്ന് അവതരിപ്പിച്ച അവിശ്വാസം ഇന്നു ചർച്ച ചെയ്യും. 14 അംഗ പഞ്ചായത്തിൽ കോൺഗ്രസിലെ രണ്ട് അംഗങ്ങളും ജനപക്ഷത്തെ മൂന്ന് അംഗങ്ങളും സിപിഐയിലെ ഒരംഗവുമാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിനിടെ അവിശ്വാസത്തിൽ പങ്കെടുക്കേണ്ടെന്നു കാണിച്ചു കേരള കോൺഗ്രസ് (എം) അംഗങ്ങൾക്കു ജില്ലാ പ്രസിഡന്റ് വിപ്പ് നൽകി.

എന്നാൽ രണ്ടുപേർ മാത്രമാണു വിപ്പ് കൈപ്പറ്റിയത്. കേരള കോൺഗ്രസിലെ രണ്ടുപേരും കോൺഗ്രസിലെ രണ്ടുപേരും ഒഴികെയുള്ളവർ അവിശ്വാസത്തെ അനുകൂലിക്കുമെന്നാണു സൂചന. മറ്റു പാർട്ടികൾ നിലപാടു വ്യക്തമാക്കിയിട്ടില്ല. കേരള കോൺഗ്രസ് നാല്, കോൺഗ്രസ് നാല്, ജനപക്ഷം മൂന്ന്, സിപിഎം, സിപിഐ, ബിജെപി എന്നിവർക്ക് ഓരോന്നു വീതം അംഗങ്ങളാണുള്ളത്.