തിരക്കിൽ കുരുങ്ങി എരുമേലി

എരുമേലി ∙ പേട്ട തുള്ളലിന് ഒരാഴ്ചമാത്രം ശേഷിക്കെ പട്ടണത്തിലേക്കു തീർഥാടക പ്രവാഹമാണ്. പാതകൾ നിറഞ്ഞുകവിഞ്ഞ് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി.

എരുമേലി ടിബി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, പേട്ടതുള്ളൽ പാത, കെഎസ്ആർടിസി എന്നിവിടങ്ങളിലാണ് മുൻപില്ലാത്ത വിധമുള്ള തിരക്ക്.

പ്രധാന ശബരിമല പാതയായ കരിങ്കല്ലുമ്മൂഴി– മുക്കൂട്ടുതറ– മുട്ടപ്പള്ളി– കണമല പാതയിൽ തിരക്കുകൂടിയതോടെ പൊലീസ് കൂടുതൽ ഗതാഗത ക്രമീകരണത്തിന് ഒരുങ്ങുകയാണ്. മകരവിളക്ക് സീസൺ തിരക്ക് വർധിച്ചിരിക്കെ കണമലയിലെ അപകടസാധ്യത ഇല്ലാതാക്കാൻ കോൺവോയ് അടിസ്ഥാനത്തിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാനും ഡ്രൈവർമാർക്കു നിർദേശങ്ങൾ നൽകാനും പൊലീസ് തീരുമാനിച്ചു. ഇതിനു പുറമെ സമാന്തര പാതകളിൽക്കൂടി വണ്ടികൾ കടത്തിവിട്ട് റോഡുകളിലെ തിരക്ക് ഒഴിവാക്കാനും തീരുമാനിച്ചു.

പാതയിലെ കണമലയിൽ രാത്രിയാത്രയ്ക്കു കർശന നിർദേശങ്ങൾ ഡ്രൈവർമാർക്കു നൽകുമെന്ന് എസിപി അശോക് കുമാർ അറിയിച്ചു. കണമല ഇറക്കം ആരംഭിക്കുന്ന മാക്കൽക്കവല ചെക് പോസ്റ്റിൽ 10–15 വണ്ടികൾ ഒന്നിച്ചു കടത്തിവിടുന്ന രീതി ആരംഭിക്കും. ഇതുവേഗം നിയന്ത്രിക്കാൻ സഹായകമാവും. വണ്ടി നിർത്തിച്ചശേഷം മെല്ലെപ്പോകണമെന്നു ഡ്രൈവർമാർക്കു പൊലീസ് നിർദേശം നൽകും.

മുക്കൂട്ടുതറ– മുട്ടപ്പള്ളി– കണമല പാതയിൽ തിരക്കു വർധിക്കുമ്പോൾ മുക്കൂട്ടുതറ– ഇടകടത്തി– കണമല സമാന്തരപാത ഉപയോഗിക്കാൻ നടപടി എടുക്കും. പാതയിലെ പാറക്കടവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചതോടെ അപകടസാധ്യത കുറഞ്ഞിട്ടുമുണ്ട്. എന്നാൽ എരുമേലിയിലെ തിരക്കു കുറയ്ക്കാൻ വടക്കുനിന്നുള്ള കെഎസ്ആർടിസി ബസുകൾ ഓരുങ്കൽ വഴി തിരിച്ചുവിടണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല.