തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇടതു വലതു സ്ഥാനാർഥികൾ ഉൗഴമിട്ട് മുന്നേറിയ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി മനോജും ഒപ്പമെത്തി. ആദ്യ പതിനഞ്ചു ബൂത്തുകൾ ഉൾപ്പെടുന്ന പള്ളിക്കത്തോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ എഴുനൂറോളം വോട്ടുകൾക്കു യുഡിഎഫ് മുന്നിൽ.

തുടർന്നു കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ എൽഡിഎഫ് വോട്ടുകളിൽ മുന്നേറ്റം, കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിൽ ഡോ.എൻ.ജയരാജിനെതിരെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു ഒപ്പത്തിനൊപ്പം.

സിപിഎം ശക്തികേന്ദ്രമായ ചിറക്കടവ് പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ ജയരാജിനെ മറികടന്ന് ലീഡ് ഉയർത്തിയ ബിനു ഇടതുകേന്ദ്രങ്ങളിൽ ആവേശമുയർത്തി. 1500നു മുകളിൽ ലീഡ് വർധിപ്പിച്ച വി.ബി.ബിനു എതിർചേരിയിൽ ആശങ്ക ഉയർത്തിയെങ്കിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ലീഡ് മറികടക്കാമെന്ന വിശ്വാസത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഡോ.എൻ.ജയരാജ്. എൻഡിഎ സ്ഥാനാർഥി വി.എൻ.മനോജും ഗണ്യമായ വോട്ടുപിടിച്ചതോടെ ഇടതു വലത് സ്ഥാനാർഥികൾ തമ്മിലുള്ള അന്തരം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന സ്ഥിതിയായി. വാഴൂർ ഗ്രാമപഞ്ചായത്തിലെ ബൂത്തുകൾ എണ്ണിത്തുടങ്ങിയതോടെ ബിനുവിന്റെ ലീഡ് അറുനൂറോളം വോട്ടുകൾ കുറഞ്ഞ് ആയിരത്തിലെത്തി.

കറുകച്ചാൽ പഞ്ചായത്തു കടക്കുമ്പോൾ ലീഡ് നില വീണ്ടും മാറിമറിഞ്ഞു. ഡോ.എൻ.ജയരാജ് അഞ്ഞൂറോളം വോട്ടുകൾക്ക് മുന്നിൽ. നെടുംകുന്നം പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ലീഡ് 1800നു മുകളിൽ. രണ്ടു സ്ഥാനാർഥികളും ഇഞ്ചോടിഞ്ച് പൊരുതിയ കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ 400 വോട്ടുകൾ ലീഡ് വീണ്ടുമുയർത്തി ജയരാജ് 2000നു മുകളിൽ. അവസാന ബൂത്തുകൾ ഉൾപ്പെടുന്ന മണിമല പഞ്ചായത്തിൽ 1800 വോട്ടുകളുടെ ലീഡ് ലഭിച്ചതോടെ 3890 വോട്ടുകളുടെ ഭൂരിപക്ഷവുമായി കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജ്.

ഇടതു മുന്നേറ്റത്തിലും കടപുഴകാതെ കാഞ്ഞിരപ്പള്ളി സംരക്ഷിക്കാനായതിന്റെ ആശ്വാസവും ആഹ്ളാദവുമായി സ്ഥാനാർഥിയുടെ നന്ദി പ്രകടന ജാഥ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്.

വോട്ടിങ് നില

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടിങ് നില പഞ്ചായത്ത് അടിസ്ഥാനത്തിൽ.

പള്ളിക്കത്തോട് യുഡിഎഫ് – 4279, എൽഡിഎഫ്– 3502, ബിജെപി– 3138. കാഞ്ഞിരപ്പള്ളി യുഡിഎഫ് – 9066, എൽഡിഎഫ് – 9816, ബിജെപി – 4430. ചിറക്കടവ് യുഡിഎഫ് – 7090, എൽഡിഎഫ്– 8618, ബിജെപി – 7004. വാഴൂർ യുഡിഎഫ് – 5323, എൽഡിഎഫ് – 4744, ബിജെപി – 4439. കറുകച്ചാൽ യുഡിഎഫ് – 6543, എൽഡിഎഫ് – 5025, ബിജെപി – 3262. നെടുംകുന്നം യുഡിഎഫ് – 5962, എൽഡിഎഫ് – 4694, ബിജെപി – 2269. കങ്ങഴ യുഡിഎഫ് – 4841, എൽഡിഎഫ് – 4641, ബിജെപി – 2174. വെള്ളാവൂർ യുഡിഎഫ് – 3929, എൽഡിഎഫ് – 3707, ബിജെപി – 2895. മണിമല യുഡിഎഫ് – 5831, എൽഡിഎഫ് – 4173, ബിജെപി – 1724.