തീർഥാടകത്തിരക്ക് പാരമ്യത്തിലേക്ക്; ജലമലിനീകരണം രൂക്ഷം

എരുമേലി∙ മകരവിളക്കു സീസണിലെ തിരക്ക് ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ നദികളിലും തോടുകളിലും മലിനീകരണം രൂക്ഷമായി. ഒരു മാസത്തിലേറെയായി മഴ പെയ്യാത്തതു മലിനീകരണത്തിന്റെ തോത് വർധിപ്പിച്ചു. പമ്പ, മണിമല, അഴുതാ നദികൾ, എരുമേലി വലിയതോട്, കൊച്ചുതോട് എന്നിവിടങ്ങളാണു രൂക്ഷമായി മലിനീകരിക്കപ്പെടുന്നത്. മണ്ഡലകാലത്ത് ആവശ്യത്തിനു ജലലഭ്യത ഉണ്ടായിരുന്നതിനാൽ മലിനീകരണം രൂക്ഷമായിരുന്നില്ല. എന്നാൽ മഴയില്ലാത്തതു വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്.

എരുമേലി വലിയ തോടിന്റെ കരിങ്കല്ലുമ്മൂഴി മുതൽ കൊരട്ടി പാലം വരെയുള്ള നാലു കിലോമീറ്റർ ഭാഗമാണ് ഏറ്റവുമധികം മാലിന്യപൂരിതമായിരിക്കുന്നത്. തോട്ടിലെ വെള്ളം അഴുക്കായതോടെ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നു. തോടിന്റെ തീരത്തു താമസിക്കുന്നവരും എരുമേലി –കാഞ്ഞിരപ്പള്ളി റോഡിലൂടെ സഞ്ചരിക്കുന്നവരും ദുരിതത്തിലാണ്. ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ കുളിക്കടവിൽ ആവശ്യത്തിനു വെള്ളം എത്താത്തതു മൂലം തീർഥാടകരും ബുദ്ധിമുട്ടുന്നു.

കടവിനു സമീപം ദേവസ്വം ബോർഡ് വക ഷവർ ബാത്ത് സംവിധാനം ഉപയോഗിച്ചാണു ലക്ഷക്കണക്കിനു തീർഥാടകർ ഇപ്പോൾ കുളിക്കുന്നത്. എരുമേലി വലിയതോട്, കൊച്ചുതോട് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണു മണിമലയാറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ ഹോട്ടലുകളിൽ നിന്നും ശുചിമുറികളിൽ നിന്നുമുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടുന്നു. മണിമലയാറിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഒട്ടേറെ ജലപദ്ധതികളിൽ എത്തുന്നത് ഈ മലിനജലമാണ്. പമ്പ, അഴുതാ നദികളിലും നീരൊഴുക്കു കുറഞ്ഞതു തീർഥാടകരെയും നാട്ടുകാരെയും വലയ്ക്കുന്നു.