തീർഥാടകർക്കായുള്ള പ്രത്യേക ഡിസ്പെൻസറിയിൽ സൗകര്യങ്ങളില്ല

എരുമേലി ∙ ശബരിമല തീർഥാടകർക്കായി പ്രവർത്തിക്കുന്ന പ്രത്യേക ഡിസ്പെൻസറികളിൽ അടിസ്ഥാനസൗകര്യമില്ലാതെ ജീവനക്കാർ വിഷമിക്കുന്നു. മുപ്പതിൽപരം ജീവനക്കാർക്ക് ആകെയുള്ളത് ഒരു ശുചിമുറി മാത്രമാണന്നും പരാതിയുണ്ട്. പഴയ ദേവസ്വം ബോർഡ് സ്കൂളിലാണ് അലോപ്പതി, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ കഴിഞ്ഞ മാസം 15 മുതൽ പ്രവർത്തിക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനമാണ് ഈ ഡിസ്പെൻസറികളിൽ ലഭിക്കുന്നത്.

മരുന്നും സൗജന്യമായി ലഭിക്കും. രണ്ടാഴ്ചയാണു ജീവനക്കാരുടെ സേവനകാലാവധി. അതു കഴിയുമ്പോൾ അടുത്ത ടീം എത്തും. എന്നാൽ ജീവനക്കാർക്കു പ്രാഥമിക കൃത്യനിർവഹണത്തിനു മതിയായ സൗകര്യമില്ലെന്ന് ആക്ഷേപമുണ്ട്. 30 പേർക്കായി ആകെയുള്ളത് ഒരു ശുചിമുറി മാത്രമാണ്. രാവിലെ ഡ്യൂട്ടിയിൽ പ്രവേശിക്കുംമുൻപ് ഇത്രയും പേർ എങ്ങനെ പരിമിത സൗകര്യത്തിൽ പ്രാഥമിക കൃത്യനിർവഹണം നടത്തുമെന്നറിയാതെ കുഴങ്ങുകയാണു ജീവനക്കാർ.