തീർഥാടക ബസ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു; ഒരാൾക്കു പരുക്ക്

തീർഥാടക ബസ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു; ഒരാൾക്കു പരുക്ക്

മുണ്ടക്കയം∙ കോരുത്തോട് റൂട്ടിൽ അമിതവേഗത്തിൽ എത്തിയ തീർഥാടക വാഹനം മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചു. പനയ്ക്കച്ചിറ പാറമടയിൽ ശബരിമല തീർഥാടക വാഹനമായ മിനി ബസ് കാറിലും ഓട്ടോറിക്ഷയിലുമാണ് ഇടിച്ചത്. ഓട്ടോ ഡ്രൈവർ മുണ്ടക്കയം സ്വദേശി പ്രണവിനു ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആയിരുന്നു അപകടം. ശബരിമല പാതയായ മുണ്ടക്കയം–കോരുത്തോട്–കുഴിമാവ് റൂട്ടിൽ പനക്കച്ചിറ പാറമട പഞ്ചായത്ത് കിണറിനു സമീപമാണ് അപകടം നടന്നത്.

ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന മിനി ബസ് അമിത വേഗത്തിൽ ഇറക്കം ഇറങ്ങി വരികയും മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ എത്തിയ ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു. ഓട്ടോയയുടെ പിന്നിലെത്തിയ കാറും അപകടത്തിൽ പെട്ടു. പാറമടയിൽ സംസ്കാരച്ചടങ്ങ് കഴിഞ്ഞെത്തിയ സംഘമാണു കാറിൽ ഉണ്ടായിരുന്നത്. മൂന്നു യാത്രക്കാരും ഡ്രൈവറും പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നു മാറിയ ഓട്ടോറിക്ഷ സമീപത്തെ കുഴിയിലേക്കു മറിയാതിരുന്നതിനാൽ വൻ ദുരന്തമാണു വഴിമാറിയത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഓട്ടോയുടെ അടിയിൽ പെട്ട ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. കോരുത്തോട് റൂട്ടിൽ അപകട സാധ്യത വർധിച്ചെന്നും സുരക്ഷാമുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ഇറക്കം ഇറങ്ങിവന്ന കാർ സമീപത്തെ തിട്ടയിൽ നിന്നു താഴേക്കു മറിയുകയും വീടിനു മുകളിൽ വീണ് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു. വാഹനങ്ങൾ അമിതവേഗത്തിൽ ഇറക്കം ഇറങ്ങിപ്പോകുമ്പോൾ ഭീതിയോടു കൂടിയാണു റോഡിനു താഴ്‌വാരത്തിൽ താമസിക്കുന്നവർ കഴിയുന്നത്. അപകട സാധ്യതയുള്ള മേഖലയിൽ റോഡരികിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്നും. വേഗം കുറയ്ക്കാൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യം ശക്തമാകുന്നു.