തുടക്കം പ്രാർഥനയോടെ

യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. ഞായറാഴ്ച സ്ഥാനാർഥി നിർണയം കഴിഞ്ഞു തിങ്കളാഴ്ച രാവിലെ തന്നെ തോമസ് ചാഴികാടൻ പ്രചാരണത്തിൽ സജീവമായി.രാവിലെ പള്ളിയിൽ പോയി പ്രാർഥനയിൽ പങ്കെടുത്തതിനുശേഷം അടുത്ത സുഹൃത്തുക്കളെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചു. കേരള കോൺഗ്രസ് (എം) സംസ്‌ഥാന കമ്മിറ്റി ഓഫിസിലെത്തി പ്രവർത്തരുമായി കൂടിയാലോചന നടത്തിയതിനുശേഷം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പുമായി ചർച്ച നടത്തി. കോട്ടയം നഗരത്തിലെ വ്യാപാരസ്‌ഥാപനങ്ങളിലെത്തിയും പ്രധാന വ്യക്‌തികളെ നേരിൽക്കണ്ടും വോട്ട് അഭ്യർഥിച്ചു.

തുടർന്നു പാലായിലെത്തി പാർട്ടി ചെയർമാൻ കെ.എം മാണിയെ കണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നടത്തുന്നതിനു കേരള കോൺഗ്രസ് (എം) പ്രാദേശിക നേതാക്കൾ‍ക്കും ജനപ്രതിനിധികൾക്കും പാർട്ടി ചെയർമാൻ കെ. എം. മാണി നിർദേശം നൽകി. മറ്റ് പരിപാടികൾ ഒഴിവാക്കി ഇന്നലെ വീട്ടിലിരുന്ന് വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരുമായി മാണി ആശയവിനിമയം നടത്തി. ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനും വോട്ടർ പട്ടികയിൽ വിട്ടു പോയവരുടെ പേരുകൾ ഉൾപ്പെടുത്താനും കെ.എം. മാണി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

പാർട്ടി ഒറ്റക്കെട്ടായി കൂടെ യുണ്ടാകുമെന്നും 7 നിയമസഭാ മണ്ഡലങ്ങളിലും വൻഭൂരിപക്ഷം നേടുമെന്നും കെ.എം. മാണി പറഞ്ഞു. പാലായിലെത്തിയ തോമസ് ചാഴികാടനെ നഗരസഭാധ്യക്ഷ ബിജി ജോജോ, ലീന സണ്ണി, ബിജു പാലൂപ്പടവൻ, സിബിൽ തോമസ്, ജോസ്കുട്ടി പൂവേലിൽ, മുഹമ്മദ് ഇക്ബാൽ, സ്കറിയ മണ്ണൂർ എന്നിവർ ചേർന്നു സ്വീകരിച്ചു. ഇന്നലെ തന്നെ ചുമരെഴുത്തും ഫോട്ടോഷൂട്ടും അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പാർട്ടി നേരത്തെ തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പൂർണ പിന്തുണ ലഭിച്ചിട്ടുണ്ട്. പി.ജെ. ജോസഫിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഉടൻ നേരിൽ കാണും. പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ അനുഗ്രഹം തേടാനാണ് എത്തിയത്. രാഷ്ട്രീയ ജന്മം തന്നത് കെ.എം.മാണിയാണ്. 28 വർഷത്തെ പൊതുപ്രവർത്തനം ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 വർഷം ജനപ്രതിനിധിയായിരുന്നു തോമസ് ചാഴികാടൻ.