തെരുവുനായ്ക്കളെ പി‌ടികൂ‌ടും; എരുമേലിക്ക് ആശ്വാസം

എരുമേലി ∙ പട്ടണത്തിൽ തീർഥാടകർ ഉൾപ്പെടെ 8 പേരെ പേവിഷബാധയുള്ള നായ കടിച്ച സാഹചര്യത്തിൽ നായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിന് കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകി. കുടുംബശ്രീ മിഷനു കീഴിൽ തെരുവുനായ് പുനരധിവാസ പദ്ധതിക്കു കീഴിൽ നായ്ക്കളെ സുരക്ഷിത ഇടങ്ങളിലേക്കു നീക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എലിവാലിക്കര അമ്പാട്ടുപറമ്പിൽ മിഥുൻ, പുനലൂർ സ്വദേശി രാജൻ, ചരള പൊട്ടനോലിക്കൽ ഷൈമോൾ, ഈറോഡ്, ഗുണ്ടൂർ, തൃശൂർ സ്വദേശികളായ റാംസുന്ദർ, ചിന്നസ്വാമി, ശിവരാമൻ, മോഹനൻ, നിഴൽ പൊലീസ് ഉദ്യോഗസ്ഥനായ പി.വി. വർഗീസ് എന്നിവർക്കാണു നായയുടെ കടിയേറ്റത്. പിന്നീട് ചത്ത നായയെ തിരുവല്ലയിൽ പരിശോധിച്ചപ്പോൾ പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് പൊലീസ് കത്തു നൽകിയതോടെ പഞ്ചായത്ത് നേതൃത്വത്തിൽ നടപടി തുടങ്ങി. ഇതിനിടെ കുടുംബശ്രീ മിഷനുമായി സഹകരിച്ച് തെരുവുനായ്ക്കളെ പിടികൂടാൻ കലക്ടർ പഞ്ചായത്ത് സെക്രട്ടറിയോടു നിർദേശിക്കുകയായിരുന്നു.

പേവിഷബാധയേറ്റ നായ മറ്റു തെരുവുനായ്ക്കളെ കടിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. മണ്ഡലകാലം ആയതിനാൽ പട്ടണത്തിൽ എത്തുന്ന തീർഥാടകർ അടക്കമുള്ളവരുടെ സുരക്ഷ കൂടി പരിഗണിച്ചാണു തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശമുണ്ടായിരിക്കുന്നത്.