തെരുവു നായ്ക്കളെ കൊണ്ടു പൊറുതിമുട്ടി ചെറുവള്ളി നിവാസികൾ

ചെറുവള്ളി∙ തെരുവു നായ്ക്കളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ചെറുവള്ളി നിവാസികൾ. നേരം വെളുത്താൽ റോഡിലേക്ക് ഇറങ്ങുവാൻ തെരുവുനായ്ക്കൾ സമ്മതിക്കുന്നില്ലെന്നു പ്രദേശവാസികൾ. രാവിലെ പത്രം, പാൽ വിതരണക്കാരാണ് നായ്ക്കളുടെ ശല്യത്താൽ വലയുന്നത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ പത്രവിതരണക്കാരനെ നായ്ക്കൂട്ടം ഓടിച്ചിരുന്നു.

ക്ഷേത്രം കവലയിലും ഇടറോഡുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും സ്കൂൾ കുട്ടികൾ അടക്കമുള്ളവരും ഇവയുടെ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. നായ്ക്കളെ പേടിച്ച് പ്രഭാതസവാരിക്കാർ നടത്തം തന്നെ ഒഴിവാക്കിയിരിക്കുകയാണ്. ബാധ്യതയായി മാറുന്ന വളർത്തു നായ്ക്കളെ വിജനമായ ഇടങ്ങളിൽ കൊണ്ട് ഇറക്കി വിടുന്നതാണ് തെരുവുനായ് ശല്യം രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ.

∙ ഇരുചക്രവാഹനക്കാരുടെ പേടിസ്വപ്നം രാവിലെയും വൈകിട്ടും റോഡിൽ കിടന്നു കടിപിടി കൂടുന്ന നായ്ക്കൂട്ടം ഇരുചക്രവാഹനയാത്രക്കാരുടെ പേടിസ്വപ്നമാണ്. ഇവ എങ്ങോട്ടാണ് ഓടുന്നതെന്ന് പറയാനാകില്ല. മിക്കപ്പോഴും പണികിട്ടുന്നത് ബൈക്കുകാർക്കാണ്. രാത്രി സമയങ്ങളിൽ ബൈക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഇവയെ കാണാതെവന്ന് അപകടത്തിൽപെടുന്നവർ ഏറെയാണ്. രാത്രിയാകുന്നതോടെ ഇവയുടെ കടിപിടി ശല്യം ദുസ്സഹമാകുന്നതായി പ്രദേശവാസികൾ പറയുന്നു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.