തെളിനീരൊഴുക്കാൻ കരിമ്പുകയം

കാഞ്ഞിരപ്പള്ളി∙ കരിമ്പുകയം ചെക്ക്ഡാമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധജലം എത്തിക്കുവാൻ സാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി പ്രസിഡന്റ് ഷക്കീലാ നസീർ പറഞ്ഞു.

കരിമ്പുകയം കുടിവെള്ള പദ്ധതി പ്രദേശത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കരിമ്പുകയത്തുനിന്ന് പമ്പ് ചെയ്ത് ഫിൽട്ടർ ചെയ്ത് എത്തിക്കുന്ന ശുദ്ധജലം ചിറക്കടവ്, എലിക്കുളം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നീ പ്രദേശങ്ങൾക്കുകൂടി നൽകുവാൻ സാധിക്കും.

കരിമ്പുകയം ചെക്ക് ഡാമിന്റെയും കോസ്‌വേയുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ട നിർദേശങ്ങളും നൽകി. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് അൽഫോൻസ് കണ്ണന്താനം എംഎൽഎ തുടങ്ങിവച്ച പദ്ധതി ഇപ്പോൾ ഡോ. എൻ. ജയരാജ് എംഎൽഎയുടെ ഫണ്ട് മുഖേനയാണ് പൂർത്തീകരിക്കുന്നത്.

ചേനപ്പാടി കരയിൽ താമസിക്കുന്ന ഭക്തജനങ്ങൾക്ക് കോസ്‌വേ പൂർത്തിയാകുന്നതോടെ ഇളങ്കാവ് ക്ഷേത്രത്തിൽ എത്തുവാൻ സാധിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാടൻ, പഞ്ചായത്തംഗം റിജോ വാളാന്തറ എന്നിവർ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.