തേനീച്ചയുടെ കുത്തേറ്റ് നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലാ:സ്‌കൂള്‍കെട്ടിടത്തില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളുടെ കുത്തേറ്റ് നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം.

തേനീച്ചകളുടെ കുത്തേറ്റ വിദ്യാര്‍ഥികള്‍ ക്ലാസ്സുകളില്‍ നിന്നിറങ്ങിയോടി. അധ്യാപകരില്‍ ചിലര്‍ക്കും തേനീച്ചയുടെകുത്തേറ്റു.

ഉടന്‍തന്നെ വിദ്യാര്‍ഥികളെ പാലാ, കിടങ്ങൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. സ്‌കൂളില്‍ തേനീച്ചക്കൂടുണ്ടെന്ന വിവരം കഴിഞ്ഞദിവസം ഫയര്‍ഫോഴ്‌സ് അധികൃതരെ അറിയിച്ചിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രിയില്‍ തേനീച്ചക്കൂട് നശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ തേനീച്ചക്കൂട് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി പാലാ ഫയര്‍ഫോഴ്‌സ് അധികൃതരും പറഞ്ഞു.