തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ക്കായി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍

തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍, തൊഴിലന്വേഷകര്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങളുമായി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്സ്) ആണ് പോര്‍ട്ടല്‍ തയാറാക്കിയത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷണന്‍ നിര്‍വ്വഹിച്ചു. തൊഴില്‍ തേടുന്നവരെയും ദാതാക്കളെയും കൂട്ടിയിണക്കുക എന്നതാണ് ജോബ് പോര്‍ട്ടലിന്റെ ലക്ഷ്യം.

തൊഴില്‍ദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കിമാത്രമേ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളൂ. രണ്ടു ഘട്ടങ്ങളിലായാണ് പോര്‍ട്ടല്‍ പൂര്‍ത്തിയാക്കുന്നതെന്ന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ദേശീയതലത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പങ്കാളികളുമായി ചേര്‍ന്ന് യഥാര്‍ഥ തൊഴില്‍ പരിതസ്ഥിതിയിലുള്ള വ്യാവസായിക ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങളും കെയ്‌സ് ആരംഭിച്ചിട്ടുണ്ട്.

ജോബ് പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കാം ;

തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്വന്തം വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍ദാതാവിന് തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കാം. വിദഗ്ധ തൊഴിലാളികള്‍ക്ക് രജിസ്ട്രി രൂപികരിക്കും. വീട്ടുജോലിക്കാര്‍ മുതലുള്ളവരെ രജിസ്ട്രി വഴി കണ്ടെത്തും. സ്ഥലം,ജോലിയുടെ സ്വഭാവ നൈപുണ്യം, കമ്പനി, അവസരങ്ങള്‍,എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലി തിരക്കാം. കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് സംവിധാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് ആയ ലിങ്ക് -ഇന്‍ പ്രൊഫൈലില്‍ക്കൂടി സ്വന്തമാക്കാന്‍ അവസരം. കേരള പിഎസ്സിയുടേതൊഴികെ അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല എന്നിവയിലെ എല്ലാ ഒഴിവുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടും. ലിങ്ക്‌സ് ഇന്‍ നെറ്റവര്‍ക്ക് വഴിയുള്ള തൊഴില്‍ അവസരങ്ങളും പ്രയോജനപ്പെടുത്താം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഡേറ്റ കേരള സര്‍ക്കാരുമായി ലിങ്ക്‌സ് ഇന്‍ പങ്കുവെയ്ക്കും. വെബ്സൈറ്റ് വിലാസം – www.statejobportal.com