തൊഴിലുറപ്പ് പദ്ധതി: അന്വേഷണം നടത്തണമെന്ന് ഓംബുഡ്‌സ്മാന്‍

എലിക്കുളം: എലിക്കുളം പഞ്ചായത്ത് 9-ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എ. ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കി.

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയിന്മേലാണ് ഓംബുഡ്‌സ്മാന്‍ ഡോ. സ്റ്റീഫന്‍ ആനാലില്‍ പാമ്പാടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പദ്ധതി തൊഴിലാളികള്‍ക്ക് പണിയായുധങ്ങളുടെ വാടകയായി നല്‍കേണ്ട തുക അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചെങ്കിലും എ.ഡി.എസ്. സെക്രട്ടറി നല്‍കിയില്ലെന്നായിരുന്നു പരാതി.

വാര്‍ഡിലെ മേറ്റിനെ 14 ദിവസം കൂടുമ്പോള്‍ മാറ്റുക, പണിയായുധ വാടക തൊഴിലാളികള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, എ.ഡി.എസ്. സെക്രട്ടറി ക്രമക്കേട് കാട്ടിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.