തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ

മുണ്ടക്കയം: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.റ്റി.യു.സിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടിന് തൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളികളുടെ സേവന വേതന കരാറിന്റെ കാലാവധി കഴിഞ്ഞിട്ട് 2 വര്‍ഷം പൂര്‍ത്തിയാകുന്നു. കൂലി പുതുക്കി നിശ്ചയിക്കുന്നതിനുവേണ്ടി നിരവധി തവണ ത്രികക്ഷി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഉടമകളുടെ പിടിവാശി മൂലം തീരുമാനം ഉണ്ടായില്ല. തൊഴിലാളികളുടെ പശ്ചാത്തല സൗകര്യങ്ങള്‍ അന്വേഷിക്കേണ്ട ഇന്‍സ്‌പെക്ടര്‍ വിഭാഗം നിഷ്‌ക്രിയമാണ്. ജീവനക്കാരും തൊഴിലാളികളുടെയും സംരക്ഷണത്തിനായി സര്‍ക്കാരും തൊഴില്‍ വകുപ്പും കൊണ്ടുവന്ന ഹൗസ്, മെഡിക്കല്‍ അഡ്വൈസറി ബോര്‍ഡുകള്‍ വിളിച്ചു ചേര്‍ത്തിട്ടില്ല. മിനിമം കൂലി 600 രൂപ ആക്കുക വിരമിക്കല്‍ പ്രായം 58ല്‍ നിന്നും 60 ആക്കി ഉയര്‍ത്തുക തൊഴിലാളികള്‍ക്ക് ജോലി ചെയ്യാവുന്ന തരത്തില്‍ തോട്ടങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാണോ എന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് അന്വോഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ വേതനം ബാങ്ക് ആക്കൗണ്ടില്‍ നിന്ന് മാറ്റി മസ്റ്ററുകളില്‍ വിതരണം ചെയ്യണമെന്നും മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരിഹരിക്കണെന്നും കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഒ.പി.എ സലാം, റ്റി.കെ ശിവന്‍, പി.കെ രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.