തോട്ടം– പുരയിടം അദാലത്ത്: 1027 പേരുടെ സ്ഥലം പുനഃക്രമീകരിച്ചു


പാലാ ∙ 1027 പേരുടെ സ്ഥലം തോട്ടം എന്ന് തെറ്റായി രേഖപ്പെടുത്തിയത് തോട്ടം – പുരയിടം അദാലത്തിൽ പുരയിടമായി പുനഃക്രമീകരിച്ചു സർട്ടിഫിക്കറ്റ് നൽകി. ലാൻഡ് റവന്യു തഹസിൽദാരുടെ ഉത്തരവ് വില്ലേജ് ഓഫിസിൽ ലഭിക്കുന്നതോടെ തണ്ടപ്പേര്, കരം അടച്ച രസീത് എന്നിവയിൽ പുരയിടം എന്ന് രേഖപ്പെടുത്തും. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ ആവശ്യമായ തിരുത്തലുകൾ വരുത്തി അടിസ്ഥാന നികുതി റജിസ്റ്ററിൽ (ബിടിആർ) ഉൾപ്പെടുത്തും.

35 വർഷം മുൻപ് റീ സർവേ നടന്നപ്പോഴാണ് പുരയിടത്തെ തോട്ടമായി രേഖപ്പെടുത്തിയത്.  കർഷകർ ഒറ്റയ്ക്കും കൂട്ടായും നിരവധി പരാതികൾ കൊടുത്തു എങ്കിലും നടപടിയുണ്ടായില്ല. പാലാ ഉപതിരഞ്ഞെടുപ്പ് കാലത്ത് കർഷകർ ഇക്കാര്യം മാണി സി.കാപ്പന്റെ ശ്രദ്ധയിലെത്തിച്ചു. മാണി സി.കാപ്പൻ എംഎൽഎ ആയ ശേഷം ആദ്യം ഇടപെട്ട തോട്ടം പുരയിടം പ്രശ്നം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു.

തുടർന്നു മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരത്തിനു വഴി തെളിഞ്ഞത്.എംഎൽഎമാരായ മാണി സി.കാപ്പൻ, പി.സി.ജോർജ്, മോൻസ് ജോസഫ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലക്ടർ പി.കെ.സുധീർ ബാബു, ആർഡിഒ ജി.പ്രദീപ് കുമാർ, തഹസിൽദാർ വി.എം.അഷറഫ്, ഭൂരേഖ തഹസീൽദാർ  എം.എൻ.ഗീത എന്നിവർ നേതൃത്വം നൽകി.

കിടപ്പാടത്തിന്റെ പ്രശ്നത്തിനു പരിഹാരമായതിന്റെ ആശ്വാസത്തിലാണ് സുധാകരനും കുടുംബവും. ഇന്നലെ നടന്ന തോട്ടം – പുരയിടം അദാലത്തിൽ തിടനാട് കൊണ്ടൂർ വില്ലേജിലെ പുളിച്ചമാക്കൽ സുധാകരന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമായി. ടാപ്പിങ് തൊഴിലാളി സുധാകരൻ, ഭാര്യ ലീല എന്നിവരുടെ പേരിലുളള 10.6 ആർ സ്ഥലമാണ് അദാലത്തിൽ പുരയിടമാക്കി കിട്ടിയത്. നേരത്തേ പുരയിടമായിരുന്ന വസ്തു റീസർവേ കഴിഞ്ഞതോടെ രേഖകളിൽ തോട്ടമായി മാറുകയായിരുന്നു.

3 വർഷം മുൻപ് ഹൃദയാഘാതമുണ്ടായ ലീലയ്ക്കു ജോലിക്ക് പോകാൻ കഴിയില്ല. ഏക മകൻ ഷൈജു മസ്തിഷ്ക രക്തസ്രാവം കാരണം ചികിത്സയിലാണ്. ഷൈജുവിന്റെ ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബം സുധാകരന്റെ സംരക്ഷണയിലാണ്.അദാലത്തിൽ നിന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലം പുരയിടം ആകുന്നതോടെ ബാങ്ക് വായ്പ എടുത്ത് കടബാധ്യത തീർക്കാനും വീട് നിർമിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.