തോട്ടം – പുരയിടം പ്രശ്‌നം :- അടിയന്തര പരിഹാരം ഉണ്ടാകണം: ഇന്‍ഫാം കര്‍ഷകവേദി

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ നടന്ന തോട്ടം – പുരയിടം റീസര്‍വ്വെ അപാകതമൂലം ദുരിതത്തിലായവവരിൽ പലർക്കും തങ്ങളുടെ പ്രശ്നം എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ഇനിയും വ്യക്തതയില്ല. പുരയിടം എന്ന പേരിൽ വർഷങ്ങളായി കരമടച്ചിരുന്ന തങ്ങളുടെ വസ്തു, 2016 – നു ശേഷം തോട്ടം എന്ന പേരിലേക്ക് ഇനം മാറി എന്നതാണ് പലരുടെയും പ്രധാന പരാതി. എന്നാൽ ഇത്തരം പരാതിക്കാർക്ക് വളരെയെളുപ്പം തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു വേണ്ടുന്ന രേഖകളിൽ ഏറ്റവും പ്രധാനമായത് സ്വന്തം ആധാരവും, അനുബന്ധ മുന്നാധാങ്ങളും ഒപ്പം കരമടച്ച രസീതിന്റെ പകർപ്പുകളും ആണ്. സ്വന്തം ആധാരത്തോടൊപ്പം 1964 വരെയുള്ള മുന്നാധാങ്ങളുടെ പകർപ്പുകൾ അടുത്തുള്ള വില്ലജ് ഓഫിസിൽ സമർപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

കേരളാ ഭൂപരിക്ഷകരണനിയമത്തിന്റെ അടിസ്ഥാനമായ KLR ആക്ട് 01/04/1964 – ൽ ആണ് നിലവിൽ വന്നത്, പിന്നീട് 1969 ൽ ആ നിയമത്തിന്റെ അമൻഡ്മെന്റ് ഉണ്ടാവുകയും, 1970 – ൽ നിയമം പൂർണമായും പ്രാവർത്തികമാക്കുകയും ചെയ്തു. അതിനാലാണ് KLR ആക്ട് ആദ്യമായി നിലവിൽ വന്ന 1964 വരെയുള്ള മുന്നാധാങ്ങളുടെ പകർപ്പുകൾ വേണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത്.

ഒരു സാധാരണക്കാരൻ 1964 വരെയുള്ള ഈ മുന്നാധാരങ്ങൾ എവിടെനിന്നും സഘടിപ്പിക്കും എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. എന്നാൽ ഇത് വളരെ എളുപ്പമാണ്. സബ് രജിസ്ട്രാർ ഓഫീസിൽ എല്ലാ ആധാരങ്ങളും കംപ്യൂട്ടറിൽ സ്കാൻ ചെയ്തു സൂക്ഷിച്ചിട്ടുണ്ട് . അപേക്ഷ കൊടുത്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതു മുന്നാധാരവും ലഭിക്കും, ഒരു മുന്നാധാരം എടുക്കുന്നതിനു 350 രൂപയാണ് ഫീസ് അടക്കേണ്ടത്. 1964 വരെയുള്ള ആധാരങ്ങൾ എടുക്കുന്നതിന്ന് അഞ്ചു മുന്നാധാരങ്ങൾ ആവശ്യമാണെകിൽ അതിനു 1,750 /- രൂപ അടക്കേണ്ടിവരും. ഒരേ വസ്തുവിൽ നിന്നും തുണ്ടുഭൂമിയായി വാങ്ങിയവർ ഒരുമിച്ചു മുന്നാധാരങ്ങൾ ഒരു പ്രാവശ്യം എടുത്തശേഷം, ആവശ്യമുള്ളവർ അതിന്റെ ഫോട്ടോകോപ്പി എടുത്താലും മതിയാകും.

ആവശ്യമുള്ള ആധാരങ്ങൾ എടുത്തു വില്ലജ് ഓഫിസിൽ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വിവിധ ഓഫിസുകളിൽ നിന്നും നടപടികൾ പൂർത്തീകരിച്ചു, അർഹമായ കേസുകളിൽ തോട്ടം എന്നത് തെറ്റായാണ് ചേർത്തതെങ്കിൽ അത് തണ്ടപ്പേരിൽ പുരയിടം എന്നാക്കി മാറ്റി താലൂക് ഓഫിസിൽ നിന്നും നൽകുന്നതാണ്. . BTR-ൽ യാതൊരു തിരുത്തുകളും അനുവദനീയമല്ല . കോടതിവിധിയനുസരിച്ചു തണ്ടപ്പേരിൽ മാത്രമാണ് തിരുത്തലുകൾ അനുവദിച്ചിരിക്കുന്നത്.

റീസര്‍വ്വെ അപാകതമൂലം ദുരിതത്തിലായവർക്ക് ഇപ്രകാരം വളരെ എളുപ്പത്തിൽ, മറ്റാരെയും ആശ്രയിയ്ക്കാതെ തന്നെ, തങ്ങളുടെ പ്രശ്നം പരിഹരിക്കാവുന്നതാണ് .

കാഞ്ഞിരപ്പള്ളി/പാലാ: റീസര്‍വ്വെ അപാകതമൂലം കാഞ്ഞിരപ്പള്ളിയിലെയും മീനച്ചിലിലെയും താലൂക്കുകളില്‍പ്പെട്ട 40000-ഓളം വരുന്ന ചെറുതും വലുതുമായ ഭൂ ഉടമകളുടെ ഗുരുതരമായ ഭൂപ്രശ്‌നത്തില്‍ നാളിതുവരെ കാര്യമായ പുരോഗതിയും പരിഹാരവും ഉണ്ടാകുന്നില്ല എന്ന് പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും സംയുക്ത സമരസമിതി നേതൃയോഗം അഭിപ്രായപ്പെട്ടു.
സെറ്റില്‍മെന്റ് രജിസ്റ്ററും മുന്‍ ആധാരങ്ങളും പരിശോധിച്ച് പരിഹാരം കാണുവാനുള്ള ഗവണ്‍മെന്റ് ഓര്‍ഡറുകള്‍ നിയമപ്രശ്‌നവും സാങ്കേതികത്വവും പഴിചാരി കാലതാമസവും പ്രശ്‌നപരിഹാരവുമില്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് മടക്കിയയക്കുകയും ചെയ്യുന്നു. നിലവിലുള്ള വില്ലേജിലെയും താലൂക്കിലെയും ചുമതലപ്പെട്ട ജീവനക്കാര്‍ക്ക് ഭൂരേഖകള്‍ പരിശോധിക്കുവാന്‍ സമയക്കുറവും ഗവണ്‍മെന്റ്് ഓര്‍ഡറിലെ വ്യക്തതക്കുറവുംമൂലം തീര്‍ച്ച കല്‍പ്പിക്കുവാന്‍ സാധിക്കാതെ വരുന്നു. 1963 മുതല്‍ ഉള്ള മുന്‍ ആധാരങ്ങളുടെ പകര്‍പ്പുകള്‍ പരിശോധനയ്ക്ക് ആവശ്യപ്പെടുന്നു. അനവധി, നിരവധി കൈമാറ്റം ചെയ്ത ഭൂമിയുടെ മുന്‍ പ്രമാണങ്ങള്‍ കരസ്ഥമാക്കുകയെന്നത് ദുഷ്‌കരവും പ്രയാസം നിറഞ്ഞതും സാമ്പത്തിക, സമയ നഷ്ടത്തിന് ഇടവരുത്തുന്നതുമാണ്. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പല മുന്‍ പ്രമാണങ്ങളും വായിക്കുവാനോ കോപ്പി എടുക്കുവാനോ സാധിക്കാത്ത ജീര്‍ണാവസ്ഥയിലാണ്. നിലവില്‍ നിത്യവും ഓഫീസില്‍ വരുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ സമയപരിധിക്കുള്ളില്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രേഖകളും പരിശോധിക്കേണ്ടത്.
ആയതിനാല്‍ തോട്ടം പുരയിടം വിഷയത്തില്‍ പ്രശ്‌ന ബാധിത മേഖലകളില്‍ താലൂക്ക് ഓഫീസുകളില്‍ പ്രത്യേക സഹായ വിഭാഗം തുടങ്ങണമെന്ന് തോട്ടം പുരയിടം സംയുക്ത സമരസമിതിയുടെ ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, ചെയര്‍മാന്‍ ടോമിച്ചന്‍ സ്‌കറിയ ഐക്കര എന്നിവര്‍ ആവശ്യപ്പെട്ടു. ഓരോ മാസവും അവസാനത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച ഫയലുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ താലൂക്ക് സമിതിയില്‍ അവതരിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. കര്‍ഷകര്‍ കൂടി ഉള്‍പ്പെടുന്ന സമിതികള്‍ രൂപീകരിക്കണം. ഓരോരുത്തരും പ്രത്യേകമായി അപേക്ഷ നല്‍കാതെ പൊതുവില്‍ പ്രശ്‌ന പരിഹാരമുണ്ടാകുന്ന മാര്‍ഗങ്ങള്‍ ഗവണ്‍മെന്റ് തേടണം.
തോട്ടമെന്നത് പുരയിടമായി മാറ്റി തണ്ടപ്പേരില്‍ മാത്രം മാറ്റം വരുത്തി നല്‍കുന്ന ഭേദഗതി സര്‍ട്ടിഫിക്കേറ്റ് ശ്വാശ്വത പരിഹാരമാര്‍ഗമല്ല. ബേസിക് ടാക്‌സ് രജിസ്റ്ററില്‍ (ബിടിആര്‍) തന്നെ തിരുത്തി നല്‍കുമെന്നുള്ള കര്‍ഷകരുടെ ആവശ്യത്തില്‍ ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കണം. റീസര്‍വെയുടെ അപാകതമൂലം പുരയിടം തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയതുകൊണ്ട് പ്രശ്‌നബാധിതര്‍ക്ക് വീടു വയ്ക്കുവാനോ പഴയ വീട് പുതുക്കിപ്പണിയുവാനോ പഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കുന്നില്ല. ലൈഫ് ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ല. വസ്തു മക്കള്‍ക്കു വീതംവച്ചു നല്‍കുവാനോ വസ്തു പേരില്‍ കൂട്ടുവാനോ സാധിക്കുന്നില്ല. വസ്തു മുറിച്ചു വില്‍ക്കുവാനോ മറിച്ചു വില്‍ക്കുവാനോ സാധിക്കാതെ വരുന്നു. കുട്ടികളുടെ ഉപരിപഠനത്തിന് വായ്പ എടുക്കുവാനോ വസ്തു ഈടുവച്ച് ബാങ്കില്‍ നിന്നു വായ്പ നേടുവാനോ കടബാധ്യതയുള്ളവര്‍ക്ക് കടം വീട്ടുവാന്‍വേണ്ടി അല്‍പ്പം ഭൂമി മുറിച്ചു വില്‍ക്കുവാനോ സാധിക്കാതെ വരുന്നു. വസ്തുവിന്റെ മൂല്യനിര്‍ണയത്തില്‍ വലിയ ഇടിവ് ഇതുമൂലം സംഭവിക്കുന്നു. തന്മൂലം രജിസ്‌ട്രേഷന്‍ ഇനത്തിലും ഗവണ്‍മെന്റിന് ഭീമമായ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു.
പ്രശ്‌ന പരിഹാരത്തിനുവേണ്ടി ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് വിവിധ രാഷ്ട്രീയ കക്ഷികളുടെയും കര്‍ഷക പ്രസ്ഥാനങ്ങളുടെയും വിവിധ സാമൂഹ്യ സംഘടനകളുടെയും പിന്തുണ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അകപ്പെട്ടവരുടെ വിവരശേഖരണം ഇതോടൊപ്പം നടന്നുവരുന്നു. ആയിരക്കണക്കിന് അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് വിവിധ തലത്തില്‍ നിവേദനങ്ങള്‍ നല്‍കിക്കഴിഞ്ഞു. സമയപരിധിക്കുള്ളില്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ നേതൃയോഗം തീരുമാനിച്ചു.
ഇതിനു മുന്നോടിയായി ഈ മേഖലയെ പ്രതിനിധീകരിക്കുന്ന എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും ഭാരവാഹികള്‍ 26ന് മലനാട് ഡവല്പമെന്റ് സൊസൈറ്റിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആശയവിനിമയം നടത്തും. എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എംഎല്‍എമാരായ മാണി സി. കാപ്പന്‍, പി.സി. ജോര്‍ജ്, ഡോ. എന്‍. ജയരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഈ മേഖലയിലെ ത്രിതല പഞ്ചായത്തംഗങ്ങള്‍, സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമുദായിക, കാര്‍ഷിക സംഘടന പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് താലൂക്ക് തലത്തില്‍ വിപുലമായ യോഗം പിന്നീട് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അഡ്വ. എബ്രഹാം മാത്യു, മാത്യു മാമ്പറമ്പില്‍, ഫാ. ജിന്‍സ് കിഴക്കയില്‍, സംയുക്ത സമര സമിതി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, ചെയര്‍മാന്‍ ടോമിച്ചന്‍ ഐക്കര, ജെയിംസ് ചൊവ്വാറ്റുകുന്നേല്‍, സിബി നമ്പുടാകം, ജോര്‍ജുകുട്ടി വെട്ടിക്കല്‍, തോമസ് ഈറ്റത്തോട്ട്, ബേബി പന്തപ്പള്ളി, ബിജോ മഴുവന്‍ചേരി എന്നിവര്‍ പ്രസംഗിച്ചു.