തോമസ് ചാണ്ടി രാജിവെക്കണം; പരസ്യമായി ആവശ്യമുന്നയിച്ച് പന്ന്യന്‍

കാഞ്ഞിരപ്പള്ളി : ഭൂമി കൈയേറ്റ ആരോപണത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് പന്ന്യന്‍ ആവശ്യപ്പെട്ടു.എന്‍ സി പി നേതൃയോഗം നാളെ ചേരാനിരിക്കെയാണ് പരസ്യമായി രാജി ആവശ്യപ്പെട്ട് പന്ന്യന്‍ രംഗത്ത് എത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെ ആയിരുന്നു പന്ന്യന്റെ പരാമര്‍ശം. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടായിരുന്നു ആദ്യം മുതല്‍ക്ക് സി പി ഐ സ്വീകരിച്ചിരുന്നത്.ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ തോമസ് ചാണ്ടി സമീപിച്ചിരുന്നു.

നാളെയാണ് കോടതി കേസ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് എം പിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞദിവസം നടന്ന എല്‍ ഡി എഫ് യോഗത്തിലും തോമസ് ചാണ്ടിയുടെ രാജി ആവശ്യം സി പി ഐ ഉയര്‍ത്തിയിരുന്നു.