തോല്‍വിയുടെ കയ്പ് രുചിച്ച് പ്രമുഖര്‍

നിര്‍മല ജിമ്മി, കെ.ആര്‍.ജി.വാര്യര്‍, ജോസി സെബാസ്റ്റ്യന്‍, എന്‍.ഹരി, കെ.വി.പോള്‍

കോട്ടയം: ജില്ലയില്‍ പരാജയത്തിന്റെ കയ്പുനീര്‍ നുണഞ്ഞവരില്‍ എല്ലാ പാര്‍ട്ടികളിലെയും പ്രമുഖര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേരളാ കോണ്‍ഗ്രസ് (എം)ലെ നിര്‍മല ജിമ്മിയും, കോട്ടയം നഗരസഭാ ചെയര്‍മാനായിരുന്ന കെ.ആര്‍.ജി.വാര്യരുമാണ് യു.ഡി.എഫിലെ പരാജിതരിലെ പ്രമുഖര്‍. ചങ്ങനാശ്ശേരിയില്‍ മത്സരിച്ച് തോറ്റ കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം ജോസി സെബാസ്റ്റ്യനാണ് മറ്റൊരു പ്രധാനി. അതിരമ്പുഴയില്‍ കേരളാ കോണ്‍ഗ്രസിന്റെ കെ.വി.പോളും തോല്‍വി രുചിച്ചു.
പാമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തോറ്റ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണനാണ് ഇടതുമുന്നണിയിലെ പരാജിതരില്‍ പ്രമുഖന്‍. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരിയുടെ തോല്‍വി ബി.ജെ.പി.ക്കും ഷോക്കായി. പള്ളിക്കത്തോട് പഞ്ചായത്തിലാണ് ഹരി പരാജയം രുചിച്ചത്.
ചങ്ങനാശ്ശേരിയില്‍ ജോസി സെബാസ്റ്റ്യന്റെ തോല്‍വിക്ക് പ്രത്യേകതയേറെ. നഗരസഭയിലെ ഒന്‍പതാംവാര്‍ഡില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി സജി തോമസാണ് ജോസി സെബാസ്റ്റ്യനെ അട്ടിമറിച്ചത്. ഇവിടെ കേരളാ കോണ്‍ഗ്രസ് (എം)ലെ ജോര്‍ജ് മാത്യുവും സൗഹൃദമത്സരത്തിനുണ്ടായിരുന്നു. നഗരസഭയില്‍ നാലുതവണ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിച്ചയാളുമാണ് ജോര്‍ജ് മാത്യൂസ്. രണ്ട് പ്രബലന്മാരെയും കൊമ്പുകുത്തിച്ചാണ് സജി തോമസ് അട്ടിമറി ജയം നേടിയത്. ചതുഷ്േകാണ മത്സരത്തില്‍ സി.പി.എം. സ്ഥാനാര്‍ഥി നാലാംസ്ഥാനത്തായതും കൗതുകമായി.
ഉറച്ച തട്ടകമായ അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യു.ഡി.എഫിലെ രണ്ട് പ്രമുഖര്‍ കൊമ്പുകോര്‍ത്താണ് എല്‍.ഡി.എഫിന് വിജയം തളികയില്‍വച്ച് സമ്മാനിച്ചത്. വ്യവസായിയായ കെ.വി.പോളായിരുന്നു കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി. പോളിന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫില്‍ വിവാദവുമായി. ഈ സാഹചര്യത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവായ ജിം അലക്‌സ് മത്സരരംഗത്തുവന്നു. സി.പി.എം. സ്ഥാനാര്‍ഥി ബി.മഹേഷ്ചന്ദ്രന്‍ 618 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ജിം അലക്‌സ് രണ്ടാമതെത്തിയപ്പോള്‍ കെ.വി.പോള്‍ മൂന്നാംസ്ഥാനത്തായി. രണ്ടുപേരും ചേര്‍ന്ന് പിടിച്ച വോട്ട് നോക്കിയാല്‍ യു.ഡി.എഫ്. 11,000ത്തിലേറെ വോട്ടിന് ജയിച്ചു കയറേണ്ടതായിരുന്നു.
അവസാനംവരെ ലീഡ്‌നില മാറി മറിഞ്ഞ വാശിയേറിയ പോരാട്ടത്തിലാണ് നിര്‍മലാ ജിമ്മി പൂഞ്ഞാറില്‍ അടിയറവ് പറഞ്ഞത്. 636 വോട്ടിനാണ് കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍)ലെ ലിസി സെബാസ്റ്റ്യന്‍ ജയിച്ചത്. കെ.എം.മാണിയും പി.സി.ജോര്‍ജും പ്രസ്റ്റീജ് പോരാട്ടമായാണ് ഇവിടത്തെ മത്സരത്തെ കണ്ടത്.