ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വരവിൽ കുറവ്

എരുമേലി ∙ ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവിൽ കുറവ് സംഭവിച്ചതോടെ പട്ടണത്തിലും ശബരിമല പാതകളിലും തിരക്കു കുറഞ്ഞു. മലയാളി തീർഥാടകർ വൻതോതിൽ‌ എത്തി. തമിഴ്നാട്, കർണാടകം, സീമാന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ തീരെ പരിമിതമായാണു തീർഥാടക വാഹനങ്ങൾ എത്തിയത്. ഇന്നലെ രാവിലെവരെ വൻതിരക്കായിരുന്നു.

എരുമേലിയിൽ ഇന്നലെ മേളക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. തമിഴ്നാട്ടിൽ‍ നിന്നുള്ളവരാണ് എരുമേലിയിൽ പേട്ടതുള്ളലിനു മേളം നടത്തുന്നവരിൽ ഭൂരിഭാഗവും. ജയലളിതയുടെ മരണവിവരം അറിഞ്ഞതോടെ പലരും വിഷമത്തിലായി. അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചെങ്കിലും എരുമേലിയിൽ ജോലിചെയ്യുന്ന തമിഴ്നാട്ടുകാരിൽ പലരും രാവിലെ നാട്ടുകാർ പറഞ്ഞും മാധ്യമങ്ങളിലൂടെയുമാണു വിവരം അറിഞ്ഞത്.

തമിഴ്നാട്ടിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളായ വിശുദ്ധി സേനാംഗങ്ങളും മരണവിവരമറിഞ്ഞു സങ്കടത്തിലായി. എരുമേലിയിലെ പാർക്കിങ് മൈതാനങ്ങൾ, ഹോട്ടലുകൾ, ശുചിമുറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിലും നല്ലൊരു പങ്ക് തമിഴ്നാട്ടുകാരായതിനാൽ ഇവയുടെ പ്രവർത്തനവും ഭാഗികമായി തടസ്സപ്പെട്ടു. ചില തമിഴ്നാട്ടുകാരുടെ കടകൾ തുറന്നില്ല.