ദാഹത്തിനും ദാഹശമനത്തിനും പിന്നിലെ രഹസ്യംതേടി മലയാളി ഉൾപ്പെട്ട ശാസ്ത്ര സംഘം

ന്യൂഡൽഹി∙ ദാഹം അകറ്റാൻ വെള്ളം കുടിച്ചാൽ മതിയെന്നു കൊച്ചുകുട്ടികൾക്കു വരെ അറിയാം. എന്നാൽ ഇതെങ്ങനെ സംഭവിക്കുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? ദാഹശമനത്തിനു പിന്നിലെ കുരുക്കഴിക്കുകയാണു മലയാളി ഉൾപ്പെടുന്ന ശാസ്ത്ര സംഘം. യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂക്കി ഓക്ക ലാബിലെ ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകളാണു നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശി വിനീത് അഗസ്റ്റിനാണു ദാഹശമനത്തിന്റെ തലച്ചോറിടം തേടുന്ന ഗവേഷണ സംഘത്തിലെ മലയാളി.

വെള്ളം കുടിച്ചു 30 മിനിറ്റു വരെ സമയമെടുക്കും രക്തത്തിൽ ഇതു ലയിക്കാൻ. എന്നാൽ വെള്ളം കുടിക്കുന്ന സമയത്തു തന്നെ ദാഹശമനം ഉണ്ടാകുന്നതിനു പിന്നിൽ അതിന്റെ വേഗം ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. തലച്ചോറിലെ മീഡിയൻ പ്രീ ഒപ്റ്റിക് ന്യൂക്ലിയസ് (എംഎൻപിഒ) എന്ന സിഗ്‌നൽ സംവിധാനമാണു ദാഹമെന്ന തോന്നലിനും അതിന്റെ ശമനത്തിനും പിന്നിലുള്ളത്. എംഎൻപിഒയെക്കൂടാതെ എസ്എഫ്ഒ, ഒവിഎൽടി എന്നീ നാഡീകോശങ്ങൾക്കും ഇതുമായി ബന്ധമുണ്ട്. രക്തത്തിൽ വെള്ളത്തിന്റെ ആവശ്യമുണ്ടെന്നു തിരിച്ചറിയുന്നതു എസ്എഫ്ഒ, ഒവിഎൽടി എന്നിവയാണ്. ഇതു നൽകുന്ന സിഗ്‌നൽ എംഎൻപിഒയിലെത്തും. ദാഹമുണ്ടാകുന്നത് ഇങ്ങനെ.

വെള്ളം കുടിച്ചു കഴിയുമ്പോൾ എംഎൻപിഒ അതു തിരിച്ചറിഞ്ഞ് എസ്എഫ്ഒ, ഒവിഎൽടി എന്നിവയ്ക്കു സിഗ്‌നൽ കൈമാറുകയും ഇവ ദാഹം ശമിച്ചതായി തിരിച്ചറിയുകയും ചെയ്യുന്നു. വെള്ളം എങ്ങനെ കുടിക്കുന്നുവെന്നതിനും ദാഹശമനവുമായി ബന്ധമുണ്ടെന്നാണു സംഘത്തിന്റെ കണ്ടെത്തൽ. എലിയിലും മറ്റും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണു പഠനഫലങ്ങൾ. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ(ഐസർ) നിന്നു ബയോളജിയിൽ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷമാണു വിനീത്, യൂക്കി ഓക്ക ലാബിൽ ഗവേഷണത്തിനു പ്രവേശനം നേടിയത്. പൊടിമറ്റം വട്ടക്കുന്നേൽ അഗസ്റ്റിൻ മാത്യുവിന്റെയും റോസമ്മയുടെയും മകനാണ്.