ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് പി.സി പറഞ്ഞത് സത്യമോ? ജയിൽ സൂപ്രണ്ട് തെറിച്ചു

: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ കത്ത് പുറത്തുവന്ന വിവാദങ്ങൾക്കിടെ കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് വി. ജയകുമാറിന് സ്ഥലം മാറ്റം. കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ടായാണ് സ്ഥലം മാറ്റിയത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരിൽ കാക്കനാട് ജയിൽ സൂപ്രണ്ടുമുണ്ടെന്ന് വ്യക്തമാക്കി പി.സി ജോർജ് എം.എൽ.എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ വീണ്ടും പണം ആവശ്യപ്പെട്ട് പൾസർ സുനി അയച്ച കത്ത് സൂപ്രണ്ട് വായിച്ചശേഷമാണോ സൂപ്രണ്ട് ജയിൽമുദ്ര പതിപ്പിച്ചതെന്ന് പി.സി ജോർജ് ചോദിക്കുന്നു. ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത് ശേഷം അന്വേഷണം നടത്തണമെന്നായിരുന്നു പി.സി ജോർജിന്റെ ആവശ്യം.

കത്തെഴുതിയ വിഷയത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് നേരത്തെ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തെ തീരുമാനിച്ചതാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. അതേസമയം, മറ്റു ജയിലുകളുടെ തലപ്പത്തും മാറ്റമുണ്ട്. കാക്കനാട്ടെ പുതിയ സൂപ്രണ്ടായി കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ചന്ദ്രബാബുവിനെ നിയമിച്ചു.