ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിന്

2
നടൻ ദിലീപും നർത്തകിയും അഭിനേത്രിയുമായ മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന ഹർജി ഉടൻ ഫയൽ ചെയ്യും. ഇന്നലെ വൈകിട്ട് മഞ്ജു ജീവനാംശത്തിന് വേണ്ടി തൃശൂരിലെ കുംടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തുവെന്ന് പ്രചരണമുണ്ടായിരുന്നു. ഇതിനായി കോടതിയിൽ മഞ്ജുവിന്റെ വക്കീലെത്തിയെങ്കിലും സംയുക്ത വിവാഹമോചന ഹർജി തന്നെ ഫയൽ ചെയ്യാമെന്ന ധാരണയിൽ മടങ്ങുകയായിരുന്നു.

ദിലീപിൽ നിന്ന് ചെലവിനു കിട്ടണമെന്ന് കാണിച്ച് ഹർജി സമർപ്പിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു. കുറേ ദിവസങ്ങളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച കഥകൾ പ്രചരിക്കുകയായിരുന്നു. എറണാകുളത്ത് സംയുക്തമായി വിവാഹമോചന ഹർജി ഫയൽ ചെയ്യുന്നുവെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. പിന്നീട് അത് തൃശൂരിലെ കുടുംബ കോടതിയിലാണെന്നും മഞ്ജു ഒറ്റയ്‌ക്കാണ് ഹർജി ഫയൽ ചെയ്യുന്നതെന്നും പ്രചരിച്ചു. ഇന്നലെ ഈ സംഭവവികാസങ്ങൾക്കിടെ മഞ്ജു കോയന്പത്തൂരിൽ സുഖചികിത്സയ്‌ക്ക് പോയതായാണ് വിവരം.

‘വിവാഹമോചന കഥകൾ പുതുമയുള്ളതല്ലെന്നും, ദീർഘകാലമായി കേട്ടുകൊണ്ടിരിക്കുന്നത് ആണെന്നുമായിരുന്നു’ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മഞ്ജു വാര്യരുടെ വീട്ടുകാരുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലും ഓൺലൈൻ വാർത്താ മാധ്യമങ്ങളിലും ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു.

നൃത്തം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ മഞ്ജു വിവാഹമോചനം തേടുമെന്നായിരുന്നു ഇന്നലെ രാവിലെ മുതൽ പ്രചരിച്ചിരുന്ന വാർത്ത. ഇത് വൈകീട്ടാകുന്പോഴേക്കും ജീവനാംശം തേടിയുള്ള ഹർജി സമർപ്പിക്കുന്നതിലും വിവാഹമോചനം തേടുന്ന തീരുമാനത്തിലുമെത്തി.

സിനിമാഭിനയത്തെ കുറിച്ചും നൃത്തത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മഞ്ജു വാര്യർ അടുത്തിടെ ഒരു പ്രമുഖ ചലച്ചിത്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്… ‘വേണം എന്ന് തോന്നിയാല്‍ അത് ചെയ്യും. അതാണെന്റെ സ്വഭാവം. സിനിമയുടെ കാര്യവും അങ്ങനെ തന്നെ. ഓരോ സമയത്തും എന്തു തോന്നുമെന്ന് വ്യക്തമായി പറയാനുമാകില്ല. നൃത്തത്തിലേക്ക് മടങ്ങും മുമ്പും മടിച്ചു നിന്നിരുന്നു. വേണമെന്ന് തോന്നി. ചെയ്തു. ഇഷ്ടമുള്ള ഒരു കാര്യം ചെയ്തതിന്റെ സുഖവും ഇപ്പോള്‍ അനുഭവിക്കുന്നു. ജനങ്ങള്‍ അംഗീകരിച്ചതിലുള്ള ആഹ്ലാദവും.’

എം.ടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിൽ അഭിനയിക്കുമെന്ന വിധത്തിൽ മഞ്ജു ചില അഭിമുഖങ്ങളിൽ പറഞ്ഞതും അടുത്തിടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ സജീവമായതും സിനിമയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളായി കണക്കാക്കിയിരുന്നു. ഇത് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചതായും അഭ്യൂഹമുണ്ടാക്കിയിരുന്നു. എന്നാൽ ഈ വിധമുള്ള ചോദ്യങ്ങളോട് ദിലീപ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)