ദിവസവും 30,000 പരിശോധന ; ഇതുവരെ നടത്തിയത്‌ ആറുലക്ഷത്തിലധികം പരിശോധന


ജൂലൈ അവസാനത്തോടെ സംസ്ഥാനത്ത്‌ ദിവസേനയുള്ള കോവിഡ്‌ പരിശോധനാനിരക്ക്‌ 30,000ത്തിലെത്തും. മാർച്ച്‌ ആദ്യവാരം ആയിരത്തിൽ താഴെ പരിശോധനയാണ്‌ നടത്തിയിരുന്നത്‌. ജൂലൈ ഏഴ്‌ ആയപ്പോഴേക്കും പരിശോധനയുടെ എണ്ണം 10,000 കടന്നു, 18ന്‌ 20,000ഉം. വെള്ളിയാഴ്ച മാത്രം 25,160  സാമ്പിൾ പരിശോധിച്ചു. മാർച്ച്‌ മുതലുള്ള പരിശോധനാ നിരക്ക്‌ നിരീക്ഷിച്ചാൽ ഗ്രാഫ്‌ മുകളിലേക്കാണെന്ന്‌ വ്യക്തമാകും.

റുട്ടീൻ, എയർപോർട്ട് സർവെയ്‌ലൻസ്, പൂൾഡ് സെന്റിനൽ, സി ബി നാറ്റ്, ട്രൂ നാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ 6,35,272 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഇതിൽ 9185 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഇറ്റലിയിൽനിന്നെത്തിയ റാന്നി ഐത്തല സ്വദേശികൾക്ക്‌ മാർച്ച്‌ എട്ടിന്‌ (പരിശോധിച്ചത്‌ 47 സാമ്പിളുകൾ) രോഗം സ്ഥിരീകരിച്ചതോടെയാണ്‌ സംസ്ഥാനത്ത്‌ രണ്ടാം ഘട്ട കോവിഡ്‌ വ്യാപനം ആരംഭിക്കുന്നത്‌. അന്ന്‌ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി, തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളേജുകൾ എന്നിങ്ങനെ മൂന്നിടങ്ങളിൽ മാത്രമാണ്‌ കോവിഡ്‌ പരിശോധന ഉണ്ടായിരുന്നത്‌. മാർച്ച്‌ പകുതിയോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും പബ്ലിക്‌ ഹെൽത്ത്‌ ലാബിലും രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്കും കോവിഡ്‌ പരിശോധനയ്ക്ക്‌ ഐസിഎംആർ അനുമതി ലഭിച്ചു. പിന്നീട്‌ സ്വകാര്യ ലാബുകളിലുൾപ്പെടെ 50ൽ കൂടുതൽ കേന്ദ്രങ്ങളിലാണ്‌ പരിശോധനാ സംവിധാനം സജ്ജീകരിച്ചത്‌. ആർടിപിസിആർ പരിശോധന 23ലാബുകളിലും ട്രൂനാറ്റ്‌ 13ഇടങ്ങളിലും സി ബി നാറ്റ്‌ പരിശോധന എട്ടിടത്തുമാണ്‌ നടത്തുന്നത്‌.