ദുരന്തസ്മരണയില്‍ അട്ടിവളവ് അപകടം

എരുമേലി• ദുരന്തസ്മരണകളുയര്‍ത്തി കണമല അട്ടിവളവില്‍ ഉണ്ടായ അപകടം നാടിനെ നടുക്കി. മുന്‍ വര്‍ഷങ്ങളില്‍ 36 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അതേ സ്ഥലത്താണ് തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടക വാഹനം അപകടത്തില്‍പ്പെട്ടത്. ദുരന്തം തലനാരിഴയ്ക്ക് മാറിപ്പോയതിന്‍റെ ആശ്വാസത്തിലാണ് ജനം. ഇന്നലെ ഉച്ചയ്ക്ക് അപകടവിവരം അറിഞ്ഞ് കിഴക്കന്‍ മേഖലയിലെ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തെത്തിയത്. ആദ്യമെത്തിയ കണമല സ്വദേശികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ചെരിഞ്ഞു കിടക്കുന്ന ബസിനുള്ളില്‍ നിന്ന് തീര്‍ഥാടകരെ പുറത്തെത്തിക്കുക പ്രയാസകരമായതോടെ കണമല പാലം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ സഹായത്തിന് വിളിച്ചു. ഇവര്‍ കട്ടിങ് മെഷീന്‍ ഉപയോഗിച്ച്‌ ബസിന്‍റെ ജനാല ഭാഗം അറുത്തു മാറ്റി. ഇതിനു ശേഷമാണ് തീര്‍ഥാടകരെ വെളിയിലേക്ക് ഇറക്കാനായത്. അട്ടിവളവില്‍ ഇന്നലെ അപകടം ഉണ്ടായിക്കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു കാര്യം ബോധ്യപ്പെട്ടു. ഈ സീസണ്‍ ഇങ്ങനെ പോയാല്‍ ശബരിമല പാതകള്‍ ദുരന്തമേഖലയായി മാറാന്‍ കാലതാമസം വേണ്ടിവരില്ല! വന്‍ദുരന്തം തലനാരിഴയ്ക്കു മാറിപ്പോയപ്പോള്‍ ആശ്വസിച്ച ജനം കണ്ട ഉത്തരവാദിത്തരഹിതമായ, വിചിത്രമായ കാഴ്ചകള്‍ ഇങ്ങനെ: അയ്‌യപ്പസ്വാമിയുടെ കരുണ! ആംബുലന്‍സ് കേടായത് തിരികെയെത്തുംവഴി 1• അപകടമുണ്ടായപ്പോള്‍ തീര്‍ഥാടകരെ ആദ്യം കൊണ്ടുപോയത് ഏക്കംവലിക്കുന്ന ഓട്ടോറിക്ഷയില്‍! സ്ഥലത്ത് ഓടിയെത്തിയ ഓട്ടോക്കാരന്‍റെ സന്മനസ്സെന്നു പറഞ്ഞാല്‍ മതി. കണമലയില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ചികില്‍സ വേണ്ടിവരുന്ന വണ്ടിയാണിത്. പരുക്കേറ്റവരുമായി മെഡിക്കല്‍ കോളജിലേക്ക് പോയ ഈ ആംബുലന്‍സ് തിരികെ വരും വഴി കേടായി. മെഡിക്കല്‍ കോളജില്‍ എത്തിക്കഴിഞ്ഞു മാത്രം വണ്ടി കേടായത് അയ്‌യപ്പസ്വാമിയുടെ കരുണകൊണ്ടെന്ന് തീര്‍ഥാടകര്‍. എക്സ്‌റേ പോലുമില്ലാതെ എരുമേലി ആശുപത്രി 2 • പരുക്കേറ്റവരുമായി എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മറ്റൊരു കറുത്ത ഫലിതം. എക്സ് റേ ഇല്ല! ശബരിമല റോഡില്‍ മുട്ടിനുമുട്ടിന് വണ്ടി അപകടം സംഭവിക്കുന്പോഴും സീസണിലെങ്കിലും എക്സ് റേ യൂണിറ്റ് അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പിന് കീഴില്‍ എല്ലാം സുസജ്ജമെന്ന് വകുപ്പുമന്ത്രിയുടെ മുന്പാകെ സീസണ്‍ ആലോചനാ യോഗത്തില്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ വീന്പിളക്കലിന്‍റെ ചൂടാറും മുന്‍പേയാണ് ഇന്നലെ നാട്ടുകാര്‍ പരിതാപകരമായ അവസ്ഥ കണ്ടത്. വൈദ്യുതി പോസ്റ്റില്‍ തെരുവുവിളക്ക് കണികാണാനില്ല 3.• അട്ടിവളവില്‍ ഇന്നലെത്തേതൊഴികെ അപകടങ്ങള്‍ മുഴുവന്‍ നടന്നത് രാത്രിയിലാണ്. മൂന്നു വര്‍ഷം മുന്‍പ് ലോറി മറിഞ്ഞ് 11 തീര്‍ഥാടകര്‍ മരിച്ച അപകടത്തില്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വെട്ടത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അന്നത്തേതില്‍ നിന്ന് അല്‍പ്പം പോലും മാറ്റം ഉണ്ടായിലെ്ലന്ന് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അപകടം നടന്ന വളവിലെ വൈദ്യുതി പോസ്റ്റില്‍ തെരുവു വിളക്ക് കാണാന്‍ പോലുമില്ല. മറ്റിടങ്ങളിലും ഇതുതന്നെ സ്ഥിതി. നോക്കുകുത്തികളായി ക്യാമറകള്‍ 4.• അപകടകാരണവും അമിത വേഗവുമൊക്കെ മനസിലാക്കാന്‍ ശബരിമല പാതയില്‍ സ്ഥാപിച്ച ക്യാമറകള്‍ ഇപ്പോള്‍ നോക്കുകുത്തികളായി അവിടെത്തന്നെയുണ്ട്. കണക്ഷന്‍ ഇല്ലാതെ അവ കണ്ണടച്ചു കിടക്കുകയാണ്. ഇന്നലെ അപകടം ഉണ്ടായ സ്ഥലത്ത് ഒരു ക്യാമറ വെറുതെ കെട്ടിവച്ചിരിക്കുന്നതു കാണാം. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ 5.• കണമലയിലെ എല്ലാ അപകടങ്ങളിലും ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് നാട്ടുകാരാണ്. ഇന്നലെയും അങ്ങനെ തന്നെ. എന്നാല്‍ വൈകിയെത്തിയ പൊലീസുകാര്‍ നാട്ടുകാരെ തള്ളിമാറ്റാന്‍ ശ്രമിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. റസ്ക്യു വാനിനും വേണം ചികിത്സ 6.• ഫയര്‍ ഫോഴ്സിന്‍റെ റസ്ക്യു വാനിന്‍റെ കാര്യമാണ് ഏറെ കഷ്ടം. അപകടം നടന്ന് കുറേക്കഴിഞ്ഞ് എത്തിയ വാന്‍ വേണ്ടപോലെ പ്രവര്‍ത്തിച്ചില്ല. എന്തൊക്കെയോ തകരാറുകള്‍. അപകടത്തില്‍പ്പെട്ട ബസ് എടുത്തുപൊക്കല്‍ ഇതോടെ വൈകി. ഫലം, ശബരിമല പാതയില്‍ മൂന്നു മണിക്കൂര്‍ ഗതാഗതക്കുരുക്ക്.