ദുരിതവഴികളിൽ ജീവിതം


ഓട്ടോറിക്ഷക്കാരുടെ ജീവിതം ഓടുന്നതു ദുരിതവഴികളിലൂടെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾത്തന്നെ ഓട്ടോറിക്ഷ വീട്ടിൽ കയറ്റിയിട്ടതാണ്. മറ്റ് ടാക്സി ഇനങ്ങൾക്ക് ഇളവുകൾ നൽകിയിട്ടും ഓട്ടോറിക്ഷയെ പരിഗണിച്ചില്ല. സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്നത് ഓട്ടോറിക്ഷയാണ്. അതു പോലും പരിഗണിച്ചിട്ടില്ല. സാധാരണ ഒരു ദിവസം 1000 രൂപ വരെ ഓട്ടം കിട്ടിയിരുന്നു. ചെലവുകൾ കഴിഞ്ഞ് 700 രൂപ മിച്ചം കരുതാൻ സാധിക്കുമായിരുന്നു. എന്നാൽ മാർച്ച് പകുതി മുതൽ കാര്യങ്ങൾ എല്ലാം കുഴഞ്ഞു.

റേഷൻ കടയിൽ നിന്നു ലഭിച്ച അവശ്യ സാധനങ്ങൾ കൊണ്ടു മാത്രമാണു കുടുംബം കഴിഞ്ഞു പോകുന്നത്. ഒന്നര ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ നിന്നു വായ്പ എടുത്താണ് ഓട്ടോ വാങ്ങിയത്. ഒരു മാസം തവണയായി 5,300 രൂപ അടയ്ക്കണം. കഴിഞ്ഞ 3 മാസമായി ഇതും മുടങ്ങി. എന്റെ മാത്രമല്ല, ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കഴിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതു തന്നെ.

വായ്പ വഴിയാണ് മിക്ക തൊഴിലാളികളും ഓട്ടോറിക്ഷ വാങ്ങിയത്. ഓടാതെ കിടക്കുന്ന ഓട്ടോകളുടെ ബാറ്ററി, ടയർ എന്നിവയ്ക്കു കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇത്ര നാളും കുടുംബം കഴിഞ്ഞു പോയത് ഈ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടു മാത്രമാണ്. ലോക്ഡൗൺ തുടങ്ങിയ അന്നു മുതൽ ഓട്ടോ കഴുകി വൃത്തിയാക്കി ഇടും, നാളെയെങ്കിലും നിരത്തിൽ ഇറക്കാൻ സാധിക്കും എന്ന പ്രതീക്ഷയോടെ…