ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ പ്രവേശനം


വൈക്കം മഹാദേവക്ഷേത്രം ഇന്നലെ വൈകിട്ട് 5ന് ദർശനത്തിനായി തുറന്നപ്പോൾ, കിഴക്കേ ഗോപുരത്തിനടുത്ത് ക്ഷേത്രം മേൽശാന്തി ടി.ഡി. ശ്രീധരൻ നമ്പൂതിരിയെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധന നടത്തുന്നു. ചിത്രം: റിജോ ജോസഫ്∙മനോരമ

കോട്ടയം ∙ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ ഭക്തർക്കു പ്രവേശനം അനുവദിച്ചു. ആദ്യദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടില്ല. ഭക്തർക്കു ചുറ്റമ്പലത്തിൽ വരെ പ്രവേശിക്കാം. എന്നാൽ ശ്രീകോവിൽ ഉൾപ്പെടുന്ന നാലമ്പലത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. തിരുനക്കര, വൈക്കം മഹാദേവ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതായിരിക്കും സ്ഥിതി. 

ഇതേ സമയം രാമപുരം നാലമ്പലങ്ങളിൽ നിലവിലുള്ള രീതി തുടരുമെന്നും ഭക്തർക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരിക്കില്ല.

∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനട വഴിയായിരിക്കും പ്രവേശനം. ഒരേ സമയം 5 പേരെ വീതം മാത്രമേ പ്രവേശിപ്പിക്കൂ. കൊടിമരച്ചുവട്ടിൽ തൊഴാം. ഉപദേവതകളെയും തൊഴുതു പ്രദക്ഷിണം വച്ച് ഊട്ടുപുരയ്ക്കു സമീപത്തെ വാതിൽ വഴി പുറത്തേക്ക് ഇറങ്ങാം.

∙ വൈക്കം  മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ ഉച്ചശ്രീബലി വരെ 52 പേരാണു ദർശനത്തിന് എത്തിയത്. രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണു ദർശനസമയം. ഒരേ സമയം 5 പേരെ മാത്രമേ ദർശനത്തിന് അനുവദിക്കൂ. കൊടിമരച്ചുവടു വരെ മാത്രമേ ഭക്തർക്കു പ്രവേശനമുള്ളൂ. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം വഴി കൊടിമരച്ചുവട്ടിലെത്തി ദർശനം നടത്തണം. 

∙ പൊൻകുന്നം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ഭക്തർക്കു നാലമ്പലത്തിനു പുറത്തു നിന്നു ദർശനം നടത്താം. ഒരേ സമയം 5 പേരിൽ കൂടരുത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണു ദർശനത്തിന് എത്തേണ്ടത്.