ദേവികയുടെ സ്നേഹസ്വരം


പൊൻകുന്നം ∙ ‘എന്റെ മോൾക്കു സംസാരശേഷി നൽകിയത് ഉമ്മൻ ചാണ്ടി സാറാണ് ’ ചെറുവള്ളി മണ്ണത്താനി കരോട്ട് എം.ആർ. രാജേഷ് പറയുമ്പോൾ നിറയെ സന്തോഷം. മകൾ ദേവിക ആർ. നായർക്കു സംസാരശേഷിയില്ലായിരുന്നു. കേൾവി ശക്തി ഇല്ലാതെ വന്നാണു കാരണമെന്നു പരിശോധനയിൽ കണ്ടെത്തി. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തണമെന്നും ഇതിനു ലക്ഷങ്ങൾ ചെലവു വരുമെന്നും അറിഞ്ഞതോടെ രാജേഷും ഭാര്യ അശ്വവതിയും നിസ്സഹായരായി.

പൊതു പ്രവർത്തകനായ പാലയ്ക്കൽ ബിനേഷിന്റെ നേതൃത്വത്തിൽ ദേവിക സഹായ നിധി രൂപീകരിച്ചു. 3.5 ലക്ഷം രൂപ സമാഹരിച്ചു. കോക്ലിയർ ഇംപ്ലാന്റ് ഉപകരണത്തിനു തന്നെ 5.5 ലക്ഷം രൂപ ചെലവു വരുമെന്ന് അറിഞ്ഞതോടെ രാജേഷിനെയും കൂട്ടി ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ പോയി. അന്നു മുഖ്യമന്ത്രിയാണ് അദ്ദേഹം. പിന്നീട് ഒരിക്കൽക്കൂടി കാണാൻ ചെന്നപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞു:

5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കൊക്ലിയർ ഇംപ്ലാന്റ് മെഷീന് ഉള്ള തുക സർക്കാർ വഹിക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭ ചർച്ച ചെയ്യും. ആദ്യ 15 പേരുടെ പട്ടികയിൽ ദേവികയുടെ പേരുണ്ട്. ചികിത്സ സഹായ നിധിയിൽ ബാക്കി വന്ന 92,000 രൂപ തുടർ ചികിത്സയ്ക്കായി കുട്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഒട്ടേറെ നിർധന കുടുംബങ്ങൾക്കു കൈത്താങ്ങായ ചരിത്രപരമായ തീരുമാനമായി ഇതുമാറി. സംസാര ശേഷി വീണ്ടെടുത്ത ദേവിക ഇപ്പോൾ ചിറക്കടവ് സനാതനം യുപി സ്കൂളിൽ 6–ാം ക്ലാസിൽ പഠിക്കുകയാണ്.